കൊവിഡിന്റെ നാലാം തരംഗം വരുന്നു; ജൂണില്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്, നാല് മാസം നീണ്ടേക്കാം
ദില്ലി: കൊവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞ മാസങ്ങളില്‍ ആഞ്ഞടിച്ചെങ്കിലും വലിയ നാശനഷ്ടത്തിന് കാരണമായില്ല. കേസുകള്‍ ഒന്ന് ഉയര്‍ന്നെങ്കിലും ക്രമേണ കുറയുകയുണ്ടായി. എന്നാല്‍ കൊവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐ ഐ ടി കാന്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രമങ്ങളില്‍ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരിയുടെ നാലാമത്തെ തരംഗം 2022 ഓഗസ്റ്റ് 15 നും 3 നും ഇടയില്‍ ഉയര്‍ന്നേക്കാമെന്ന് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ ഒരു മോഡലിംഗ് പഠനം പ്രവചിക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍, ജൂണ്‍ മാസത്തില്‍ ഇന്ത്യ നാലാമത്തെ കൊവിഡ് തരംഗത്തിന് സാക്ഷ്യം വഹിച്ചേക്കാം.

നേരത്തെ, കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ മൂന്നാം തരംഗത്തെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു, തീയതികളില്‍ നേരിയ വ്യതിയാനത്തോടെ അത് വളരെ കൃത്യമായിരുന്നു. ഇന്ത്യയില്‍ കൊവിഡിന്റെ നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള പ്രവചനം നടത്താന്‍, ഐ ഐ ടി കാണ്‍പൂരിലെ മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ ഗവേഷകരായ സബറ പര്‍ഷാദ് രാജേഷ്ഭായി, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവര്‍ തങ്ങളുടെ പ്രവചനത്തിനായി സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലാണ് ഉപയോഗിച്ചത്.

അതേസമയം, ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൊവിഡ്-19 കേസുകളില്‍ ഗണ്യമായ കുറവ് കണ്ടുതുടങ്ങിയിരുന്നു. രോഗമുക്തി നേടുന്ന കാര്യത്തിലും ഗണ്യമായ വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. ഈ സമയത്താണ് നാലാം തരംഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പ്രവചനമനുസരിച്ച്, കോവിഡ് -19 ന്റെ നാലാമത്തെ തരംഗം ഉയര്‍ന്നുവന്നാല്‍ അത് കുറഞ്ഞത് നാല് മാസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

പഠനമനുസരിച്ച്, കൊവിഡിന്റെ ഒരു പുതിയ വകഭേദം തീവ്രമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്, കൂടാതെ തരംഗത്തിന്റെ തീവ്രത, നാശനഷ്ടം തുടങ്ങിയവ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അടുത്ത കൊവിഡ് വേരിയന്റിന് രണ്ട് വ്യത്യസ്ത വഴികളിലൂടെ ഉയര്‍ന്നുവരാന്‍ കഴിയുമെന്ന് മറ്റൊരു സമീപകാല പഠനം കാണിക്കുന്നു, പുതിയ വേരിയന്റിന് മുമ്പ് തിരിച്ചറിഞ്ഞതിനേക്കാള്‍ തീവ്രത കുറവായിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.

അതേസമയം, കുറച്ചു കാലമായി കൊവിഡ്-19 കേസുകളുടെ എണ്ണം കുറയുന്ന പ്രവണതയാണ് ഇന്ത്യ കാണുന്നത്. ഈ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ് -19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ സിനിമാ തിയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും സിറ്റിംഗ് അനുവദിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. ബാറുകള്‍ ,ഹോട്ടലുകള്‍ ,റെസ്റ്ററന്റുകള്‍ ,മറ്റു ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയ നിയന്ത്രണവും ഇരിപ്പിട നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട് .ഈ സ്ഥാപനങ്ങള്‍ക്ക് കോവിഡ് നിയന്ത്രണത്തിന് മുന്‍പ് ഉണ്ടായിരുന്ന സമയക്രമത്തില്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കാം. പൊതു പരിപാടികള്‍ 25 സ്‌കയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വീതം പങ്കെടുപ്പിക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ മീറ്റിംഗുകള്‍,ട്രെയിനിങ്ങുകള്‍ എന്നിവ ആവശ്യമെങ്കില്‍ ഓഫ്ലൈനായി പഴയ രീതിയില്‍ നടത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications