ഇന്ത്യയിൽ കോവിഡ് കേസുകൾ 2700 കടന്നു; 24 മണിക്കൂറിനിടെ മരണം ഏഴ്, കേരളത്തിൽ രോഗബാധ ഉയരുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകളിൽ വർധന, നിലവിലെ സജീവ കേസുകളുടെ എണ്ണം 2710 കടന്നു. ഇതിൽ ഏറ്റവും കൂടുതൽ അണുബാധകൾ കേരളത്തിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് നിലവിലെ കണക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.
മെയ് 25ന് അവസാനിച്ച ആഴ്‌ചയിൽ മാത്രം രാജ്യത്തെ അണുബാധകൾ അഞ്ചിരട്ടിയായി വർധിച്ച് 1000 കടന്നിരുന്നു. കണക്കുകൾ പ്രകാരം കേരളത്തിൽ 1147 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മഹാരാഷ്ട്ര (424), ഡൽഹി (294), ഗുജറാത്ത് (223) എന്നിവയും കേരളത്തിന് തൊട്ടുപിന്നിലുണ്ട്. കർണാടകയിലും തമിഴ്‌നാട്ടിലും 148 കേസുകൾ വീതവും പശ്ചിമ ബംഗാളിൽ 116 കേസുകളും റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ മരണസംഖ്യ 22 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു, ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് ഇതുവരെ കോവിഡ് ബാധ മൂലം റിപ്പോർട്ട് ചെയ്‌തത്.
മിക്ക കോവിഡ് കേസുകളും നേരിയ തോതിൽ മാത്രമേ ലക്ഷണങ്ങൾ പ്രകടമായതുള്ളൂ. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തത് സംസ്ഥാനത്ത് കാര്യക്ഷമമായി കൂടുതൽ പരിശോധനകൾ നടത്തിയതുകൊണ്ടാകാം എന്നാണ് വിലയിരുത്തൽ.
കൂടാതെ അവസാനമായി റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസിന് ഏഴ് മാസത്തിന് ശേഷമാണ് മിസോറാമിൽ രണ്ട് കോവിഡ് കേസുകൾ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിനിടെ രണ്ട് പുതിയ ഒമൈക്രോൺ ഉപ വകഭേദങ്ങൾ , LF.7 ഉം NB.1.8.1 ഉം രാജ്യത്തെ കോവിഡ് കേസുകളിലെ ഈ പെട്ടെന്നുള്ള വർധനവിന് കാരണമായെന്നാണ് കരുതപ്പെടുന്നത്.
കോവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത്, നിരവധി സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, വാക്‌സിനുകൾ എന്നിവയുടെ ലഭ്യത നിലനിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തിൽ റിപ്പോർട്ട് തേടി കഴിഞ്ഞ ദിവസം ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. ജൂൺ 2നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.












Click it and Unblock the Notifications