ഇറ്റലിയില്‍ നിന്നും അമൃത്സറിലെത്തിയ ഒരു വിമാനത്തിലെ 150 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: ഇറ്റലിയില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലെത്തിയ 150 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 290 യാത്രക്കാരുമായിട്ടായിരുന്നു ഈ വിമാനം റോമില്‍ നിന്നും അമൃത്സറിലേക്ക് എത്തിയത്. പ്രോട്ടോക്കോൾ അനുസരിച്ച് രോഗികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ മിലാനിൽ നിന്ന് ചാർട്ടർ വിമാനത്തിൽ അമൃത്സർ വിമാനത്താവളത്തിലെത്തിയ 125 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പോർച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് എയർവേയ്‌സാണ് ചാർട്ടർ ഫ്ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറ്റലിയെ "അപകടസാധ്യതയുള്ള" രാജ്യമായി ഇതിനോടകം പട്ടികപ്പെടുത്തിയിരുന്നു. ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കപ്പെടും. ജനുവരി 6ന് എഎഐ നിയന്ത്രിക്കുന്ന 10 വിമാനത്താവളങ്ങളിൽ എത്തിയ 2,437 അന്താരാഷ്‌ട്ര യാത്രക്കാരെ കോവിഡ്-19 പരിശോധനയ്‌ക്ക് വിധേയമാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) വെളിപ്പെടുത്തി. ഇവരിൽ 140 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച, കോംഗോ, എത്യോപ്യ, കെനിയ, നൈജീരിയ, ടുണീഷ്യ, സാംബിയ, കസാക്കിസ്ഥാൻ എന്നിവ ഉൾപ്പെടുന്ന 'അപകടസാധ്യതയുള്ള' രാജ്യങ്ങളുടെ പട്ടിക ഇന്ത്യാ ഗവൺമെന്റ് പുതുക്കിയിരുന്നു. 'അപകടസാധ്യതയുള്ള' രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന ഏതൊരു അന്താരാഷ്‌ട്ര യാത്രക്കാരനും ഇന്ത്യയിൽ എത്തുമ്പോൾ കോവിഡ് -19 ടെസ്റ്റിനായി സ്വന്തമായി പണം മുടക്കേണ്ടി വരുമെന്നും കേന്ദ്ര വ്യക്തമാക്കിയിട്ടുണ്ട് . കോവിഡ് -19 നെഗറ്റീവായാലും, 'അപകടസാധ്യതയുള്ള' രാജ്യങ്ങളിൽ നിന്നുള്ള എല്ലാ അന്തർദ്ദേശീയ യാത്രക്കാരും ഏഴ് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ വിധേയരാകേണ്ടി വരുമെന്നും കേന്ദ്രം മാർഗ്ഗ നിർദേശം പുതുക്കിയിട്ടുണ്ട്.












Click it and Unblock the Notifications