ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കൈകോര്‍ക്കുന്നു
കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കൈകോര്‍ക്കുമെന്നുറപ്പായി. സംസ്ഥാനത്തെ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിന് പച്ചക്കൊടികാട്ടിയതോടെയാണിത്. വ്യാഴാഴ്ച ചേര്‍ന്ന 11 ഇടതുപാര്‍ട്ടികളുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
സി.പി.എമ്മിന് പുറമെ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ജനാധിപത്യം പുന:സ്ഥാപിക്കാന്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ആകാമെന്ന് ബംഗാള്‍ സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് വ്യക്തമാക്കി.

അതേസമയം സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സിപിഎം ബംഗാള്‍ ഘടകത്തിന്റെ സംസ്ഥാന സമിതി യോഗവും കേന്ദ്രകമ്മിറ്റി യോഗവും ചേരുന്നുണ്ട്. കേന്ദ്രകമ്മറ്റി യോഗത്തിലെ തീരുമാനം നിര്‍ണായകമാകും. സഖ്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ബിമന്‍ ബോസ് പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മറ്റിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കേന്ദ്ര ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാളില്‍ നിന്നുള്ള പി.ബി അംഗങ്ങളുടെയും പിന്തുണ ബംഗാള്‍ ഘടകത്തിനുണ്ടെങ്കിലും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്.ആര്‍.പി എന്നിവര്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിന് എതിരാണ്.












Click it and Unblock the Notifications