മേഘാലയയിൽ നിർണായക നീക്കം;ഹിമന്ദ ബിശ്വ ശർമ്മയെ കളത്തിലിറക്കി ബിജെപി, സാങ്മയുമായി കൂടിക്കാഴ്ച
ഇത്തവണയും സംസ്ഥാനത്ത് തൂക്കു സഭയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിലാണ് ബി ജെ പിയുടെ നീക്കങ്ങൾ.

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് എക്സിറ്റ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മേഘാലയയിൽ തിരക്കിട്ട ചർച്ചകളുമായി ബിജെപി. അസം മുഖ്യമന്ത്രിയും ബി ജെ പി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ. മുൻ സഖ്യകക്ഷിയായിരുന്ന എൻ പി പി തലവൻ കോൺറാഡ് കെ സാങ്മയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇത്തവണയും സംസ്ഥാനത്ത് തൂക്കു സഭയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിലാണ് ബി ജെ പിയുടെ നീക്കങ്ങൾ.

ഗുവാഹട്ടിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച
ഗുവാഹട്ടിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. 'ഗുവാഹട്ടിയിലെ ഹോട്ടലിൽ സാങ്മ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സുഹൃത്തായ ശർമ്മ രാത്രിയെത്തി സന്ദർശിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി', പാർട്ടി വൃത്തങ്ങൾ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺറാഡ് സാങ്മ നയിക്കുന്ന എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ബി ജെ പിക്ക് ആറ് മുതൽ 10 വരെ സീറ്റുകളും തൃണമൂൽ കോൺഗ്രസിന് 10 മുതൽ 13 വരെ സീറ്റുകളുമാണ് സർവ്വേകൾ പ്രവചിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് സർവ്വേയിൽ 3 മുതൽ ആറ് വരെ സീറ്റുകളാണ് പ്രവചിച്ചത്.

ബി ജെ പിയുമായി ഇടഞ്ഞ എൻ പി പി
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. എന്നാൽ കോൺഗ്രസ് അധികാരത്തിലേറുന്നത് തടയാൻ 20 സീറ്റുകൾ ഉള്ള നാഷ്ണൽസ് പീപ്പിൾസ് പാർട്ടിയുമായി ബി ജെ പി കൈകോർക്കുകായിരുന്നു. ബി ജെ പിയെ കൂടാതെ യു ഡി പി , പി ഡി എഫ്, എച്ച് എസ് ഡി പി എന്നീ പാർട്ടികളായിരുന്നു എൻ പി പി സഖ്യത്തിന്റെ ഭാഗമായത്.എന്നാൽ ഇത്തവണ ബി ജെ പിയുമായി ഇടഞ്ഞ എൻ പി പി തനിച്ച് മത്സരിക്കുകയായിരുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷത്തോടെ
അതേസമയം മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷത്തോടെ എൻ ഡി എ സർക്കാർ അധികാരത്തിൽ വരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ചില എക്‌സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ ത്രിപുരയിലോ നാഗാലാൻഡിലോ മേഖാലയയിലോ തൂക്കുസഭ ഉണ്ടാകില്ല.ഒരു എൻഡിഎ പങ്കാളിയും കോൺഗ്രസുമായോ തൃണമൂൽ കോൺഗ്രസുമായോ സഖ്യത്തിലേർപ്പെടില്ല', നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻ ഇ ഡി എ) കൺവീനർ കൂടിയായ ശർമ പറഞ്ഞു.

ആശ്വാസമായി എക്സിറ്റ് പോൾ ഫലങ്ങൾ
ബി ജെ പിക്കും സഖ്യകക്ഷികൾക്കും ആശ്വാസം പകരുന്നതാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ. ത്രിപുരയിലും നാഗാലാന്‍ഡിലും ബി ജെ പി സഖ്യത്തിന് അധികാരം നേടാൻ സാധിക്കുമെന്നും തനിച്ച് മത്സരിക്കുന്ന മേഘാലയില്‍ നിലമെച്ചപ്പെടുത്തുമെന്നാണ് സർവ്വേകള്‍ പ്രവചിക്കുന്നത്.












Click it and Unblock the Notifications