അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നു, വൻകിട ഉപയോക്താക്കൾക്കുള്ള ഡീസൽ വില വർധിപ്പിച്ചു
ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നു. 40 ശതമാനത്തിന്‍റെ വർധനവാണ് ആഗോള വിപണിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ തുടർന്ന് വൻകിട ഉപയോക്താക്കൾക്കുള്ള ഡീസൽ വിലയിൽ വർധനവ് കൊണ്ടുവന്നിരിക്കുകയാണ്. 25 രൂപയാണ് ഡീസലിന് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ പമ്പിൽ നിന്നുള്ള നിരക്കിലും വൻകിട ഉപയോക്താക്കൾക്കുള്ള നിരക്കിലും വൻ വ്യത്യാസമാണ് ഉണ്ടാകുക.
ഡൽഹിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ വാങ്ങുന്ന ഒരാൾ 86.67 രൂപ നൽകുമ്പോൾ വൻകിട ഉപയോക്താവിന് 115 രൂപ നൽകേണ്ടതായി വരുന്നു. മുംബൈയിൽ 94.14 രൂപക്ക് സാധാരണ ഉപയോക്താവിന് പെട്രോൾ പമ്പിൽ നിന്ന് ഡീസൽ ലഭിക്കുമ്പോൾ വൻകിട ഉപയോക്‌താക്കൾക്ക് ഇത് 122.05 ആകുകയാണ്.

ക്രൂഡ് ഓയിലിന്റെ വില കുറയാൻ തുടങ്ങിയതോടെ ഈ വർധനവ് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. വൻകിട ഉപയോക്താക്കൾക്ക് ഡീസൽ വില വർധിപ്പിച്ചതിനെ തുടർന്ന് അവശ്യവസ്‌തുക്കളുടെ അടക്കം വില വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമായും എണ്ണയുടെ ആവശ്യകത നിറവേറ്റിയിരുന്നത് റഷ്യയായിരിക്കെ, റഷ്യക്കുമേലുള്ള ഉപരോധങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് എണ്ണവില കുറഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ ബഹിഷ്‌കരിച്ചതോടെ റഷ്യയില്‍ എണ്ണ കെട്ടിക്കിടക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിനുമേല്‍ നിറവേറ്റിയിരുന്നത് റഷ്യയാണ്.

അതേ സമയം തെരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക വിപണികളിൽ റീട്ടെയിൽ ഇന്ധനവിലക്ക് മാറ്റം വന്നിട്ടില്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ എണ്ണവില വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിലവർധനവിൽ ഇനിയും തീരുമാനമായില്ല. അതേ സമയം വിലവര്‍ധനയില്‍ സര്‍ക്കാരുമായി എണ്ണക്കമ്പനികള്‍ കൂടിയാലോചിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആഗോളവിലയിൽ ക്രൂഡ് ഓയിൽ വില 100 ഡോളർ പിന്നിട്ട സാഹചര്യത്തിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് സമയമായിരുന്നു. അതിനാൽ തന്നെ വിലവർധവ് എണ്ണക്കമ്പനികൾ നീട്ടിവക്കുകയായിരുന്നു. രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധനവിലയിലെ ഓരോ വര്‍ധനവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കൂടിയാണ് വില വര്‍ധനയെ പറ്റി കമ്പനികള്‍ സര്‍ക്കാരിനോട് കൂടിയാലോചിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications