രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ വീഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കുമെതിരെ പരാതി
ബെംഗളൂരു: രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നേതാക്കൾക്കെതിരെ പരാതി നൽകി കർണാടക കോൺഗ്രസ്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, പാർട്ടി ഐടി സെൽ മേധാവി അമിത് മാളവ്യ, ചണ്ഡീഗഡ് പ്രസിഡന്റ് അരുൺ സൂദ് എന്നിവർക്കെതിരെയാണ് പരാതി. കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയാണ് ഹൈഗ്രൗണ്ട് സ്റ്റേഷനിൽ പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങൾ തെറ്റിധരിപ്പിക്കുന്ന രീതിയിൽ ഉൾപ്പെടുത്തിയ ആനിമേറ്റഡ് വീഡിയോ നേതാക്കൾ പങ്കുവെച്ചെന്ന് പരാതിയിൽ പറയുന്നു.
തെറ്റായ രീതിയിലിള്ള മൂന്ന് ആനിമേറ്റഡ് വീഡിയോ ആണ് അമിത് മാളവ്യ പങ്കുവെച്ചത്. ഇത് പിന്നീട് ജെ പി നദ്ദയും അരുൺ സൂദും പങ്കുവെച്ചിരുന്നുവെന്നും പ്രിയങ്ക് ഖാർഗെ പരാതിയിൽ പറുന്നു. 'ജൂൺ 17 നാണ് മാളവ്യ ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ രാഹുൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും സൽപ്പേരിന് കളങ്കം വരുത്താൻ ലക്ഷ്യം വെച്ചുള്ളത് മാത്രമല്ല, വർഗീയ വിദ്വേഷം വളർത്താനും പാർട്ടി നേതാക്കളുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തണം എന്ന ദുരുദ്ദേശത്തോടെയും കൂടിയാണ് പ്രചരിപ്പിച്ചത്', പ്രിയങ്ക് ആരോപിച്ചു. കോൺഗ്രസിനേയും പാർട്ടി നേതാക്കളേയും ദേശവിരുദ്ധരാക്കിയാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ഇസ്‌ലാമിക വിശ്വാസികളുമായി രാഹുൽ ഗാന്ധി നടത്തുന്ന ഇടപെടൽ ആനിമേറ്റഡ് വീഡിയോയിൽ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു. നിന്ദ്യമായ ചിത്രീകരണം വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുകയും സാമുദായിക അസ്വാരസ്യത്തിന് കാരണമാകുകയും ചെയ്യും. മൂന്ന് നേതാക്കളും വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്', പ്രിയങ്ക് ഖാർഗെ പറഞ്ഞു.
സമൂഹത്തിൽ ശത്രുതയും വിദ്വേഷവും വളർത്തുക എന്ന ഉദ്ദേശത്തോടെ കോൺഗ്രസിനും അതിന്റെ മുതിർന്ന നേതാക്കൾക്കുമെതിരെ നടത്തിയ ഗുരുതരവും നിയമവിരുദ്ധവുമായ കുറ്റകൃത്യങ്ങൾക്കെതിരെയാണ് തന്റെ പരാതിയെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം സംസ്ഥാന തലവൻ കൂടിയായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ജൂൺ 17 നായിരുന്നു രാഹുൽ ഗാന്ധി അപകടകാരിയാണന്ന തലക്കെട്ടോടെ അമിത് മാളവ്യ ട്വിറ്ററിൽ വീഡിയോ പങ്കിട്ടത്. അടുത്ത ദിവസം ഹിന്ദിയിലും ഈ വീഡിയോ അമിത് മാളവ്യ റീട്വീറ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications