ഔദ്യോഗിക വസതിയിൽ നിന്ന് കേന്ദ്രം പുറത്താക്കി, ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി
ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്താക്കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന. മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്ക് അനുവദിക്കപ്പെട്ട ഔദ്യോഗിക വസതിയില്‍ നിന്നും മൂന്ന് മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ബിജെപി നയിക്കുന്ന കേന്ദ്രം തന്നെ പുറത്താക്കിയിരിക്കുന്നതെന്നും അതിഷി ആരോപിച്ചു.
ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ തിയ്യതി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രണ്ട് തവണയായി എന്നെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കുന്നു. ഒരു കത്തിലൂടെ അവര്‍ മുഖ്യമന്ത്രിക്ക് അനുവദിച്ച ഔദ്യോഗിക വസതി റദ്ദാക്കി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്നും അവരുടെ വീട് കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുത്തിരിക്കുകയാണ്, അതിഷി മര്‍ലേന പറഞ്ഞു.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും ഇവര്‍ ഇത് തന്നെ ചെയ്തു. ഞാന്‍ ഡല്‍ഹി മുഖ്യന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്റെയും കുടുംബത്തിന്റെയും സാധനങ്ങള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഞങ്ങളുടെ വീടുകള്‍ തട്ടിയെടുത്തും തെറി വിളിച്ചും വീട്ടുകാരെ കുറിച്ച് തരംതാണ പരാമര്‍ശങ്ങള്‍ നടത്തിയുമൊക്കെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ സാധിക്കും എന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ വീട് തട്ടിയെടുത്തത് കൊണ്ടൊന്നും ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിയില്ല എന്നാണ് ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുളളത്, അതിഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം തള്ളി ബിജെപി രംഗത്ത് വന്നു. അതിഷി നുണ പറയുകയാണെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. 2024 ഒക്ടോബര്‍ 11ന് ശീഷ് മഹല്‍ അതിഷിക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ അരവിന്ദ് കെജ്രിവാളിനെ അതൃപ്തനാക്കാന്‍ താല്‍പര്യമില്ലാത്തത് കാരണം അവര്‍ താമസം തുടങ്ങിയില്ല. ഇത് കാരണം ആ വസതി അനുവദിച്ചത് പിന്‍വലിക്കുകയും പകരം മറ്റ് രണ്ട് ബംഗ്ലാവുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അമിത് മാളവ്യ പറയുന്നു.












Click it and Unblock the Notifications