ദല്‍ഹി കലാപം; ഇസ്രത് ജഹാന് ജാമ്യം അനുവദിച്ച് ദല്‍ഹി കോടതി
ന്യൂദല്‍ഹി: 2020 ലെ ദല്‍ഹി കലാപ കേസില്‍ കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന് ജാമ്യം. രണ്ട് വര്‍ഷത്തെ വിചാരണ കസ്റ്റഡിക്ക് ശേഷമാണ് ഇസ്രത് ജഹാന് ജാമ്യം ലഭിച്ചത്. ദല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ആണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇസ്രത് ജഹാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്നും അവരെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രദീപ് കോടതിയില്‍ വാദിച്ചു.
ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനാണ് അന്വേഷണ ഏജന്‍സിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രത് ജഹാന്‍ ഒരു അഭിഭാഷകയും യുവ രാഷ്ടീയ നേതാവുമാണ്. മുസ്ലിംകള്‍ കുറവുള്ള വാര്‍ഡില്‍ നിന്നാണ് മതേതര നിലപാട് ഉയര്‍ത്തി പിടിച്ച് അവര്‍ വിജയിച്ചത്. എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ആര്‍ജിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നുവെന്നും ഇസ്രത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

വടക്കു-കിഴക്കന്‍ ദല്‍ഹിയില്‍ 58 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന്റെ ഗൂഢാലോചനയില്‍ ഇസ്രത് ജഹാന് പങ്കുണ്ടെന്നാണ് പൊലീസ് ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ കേസില്‍ കൃത്യമായ തെളിവ് കൊണ്ടുവരാന്‍ പൊലീസിനായില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ ജനക്കൂട്ടത്തോട് കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് മറ്റൊരു കേസും ഇസ്രത് ജഹാനെതിരെ ചുമത്തിയിരുന്നു.
വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇസ്രത് ജഹാനെതിരെ യു എ പി എ ആണ് ചുമത്തിയിരുന്നത്. 2012 മുതല്‍ 2017 വരെ ദല്‍ഹിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ഇസ്രത് ജഹാന്‍ എ ഐ സി സി അംഗവുമായിരുന്നു. നേരത്തെ വിവാഹിതയാകാന്‍ ഇസ്രത് ജഹാന് 10 ദിവസത്തെ ഇടക്കാല ജാമ്യം ദല്‍ഹി കോടതി അനുവദിച്ചിരുന്നു. 2020 ജൂണ്‍ 10 മുതല്‍ 19 വരെയായിരുന്നു അന്ന് ജാമ്യം ലഭിച്ചിരുന്നത്.
2020 ഫെബ്രുവരിയിലായിരുന്നു ദല്‍ഹിയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. അതേസമയം ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഗൂഢാലോചനയില്‍ മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതി ഉത്തരവാദിയാകുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യു എ പി എ ചുമത്തപ്പെട്ട് അഞ്ച് പേര്‍ക്ക് ഇതുവരെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. നതാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, സഫൂറ സര്‍ഗര്‍ എന്നിവരാണ് ഇവര്‍.












Click it and Unblock the Notifications