ദില്ലി: ബിജെപിയുടെ കളി കെജ്രിവാളിന്റെ ജാതി പറഞ്ഞ്?
ദില്ലി: ഒരു തിരഞ്ഞെടുപ്പാകുമ്പോള്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാകും. വളരെ അപൂര്‍വ്വമായി അത് വ്യക്തിപരമായ എതിര്‍പ്പുകളായും മാറാറുണ്ട്. എന്നാല്‍ എതിരാളിയുടെ ജാതി പറഞ്ഞുള്ള ആക്രമണം അത്ര പുതുമയുള്ള കാര്യമല്ല. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ജാതി പറഞ്ഞുകൊണ്ടുള്ള പരസ്യം ബി ജെ പിക്ക് ഗുണം ചെയ്യുമോ അതോ പണി കൊടുക്കുമോ എന്ന് കണ്ട് തന്നെ അറിയണം.
ദില്ലി തിരഞ്ഞെടുപ്പിന് മുമ്പായി ബി ജെ പി പുറത്തിറക്കിയിരിക്കുന്ന ഒരു പരസ്യത്തില്‍ കെജ്രിവാളിനെ വിശേഷിപ്പിക്കുന്ന ഉപദ്രവിക്കുന്ന ഗോത്രത്തില്‍ പെട്ടയാള്‍ എന്നാണ്. റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന കെജ്രിവാള്‍ അടുത്ത വര്‍ഷം വി ഐ പി പാസ് കിട്ടിയില്ല എന്ന് പരാതി പറയുകയും ചെയ്യുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ തള്ളിക്കളഞ്ഞാണ് സംസ്ഥാന ബി ജെ പി ഈ പരസ്യം നല്‍കിയിരിക്കുന്നത്. പോസിറ്റീവ് ആയ പ്രചാരണ രീതികള്‍ ബി ജെ പി സ്വീകരിക്കണമെന്നാണ് ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞത്. നെഗറ്റീവ് രാഷ്ട്രീയമാണ് ആം ആദ്മി പാര്‍ട്ടി കളിക്കുന്നത്. അവര്‍ ജനിച്ചത് അതില്‍ നിന്നാണ്. എന്നാല്‍ നമ്മള്‍ പോസിറ്റീവ് ആയി പ്രചാരണം നടത്തണമെന്നാണ് ജെയ്റ്റ്‌ലിയും ധര്‍മേന്ദ്ര പ്രധാനും പ്രവര്‍ത്തകരോട് പറഞ്ഞത്.
നേരത്തെ അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യം വെച്ച് ബി ജെ പി പുറത്തിറക്കിയ പരസ്യവും വിവാദമായിരുന്നു. അണ്ണാ ഹസാരെയെ മാലയിട്ട് ചിത്രമാക്കിയാണ് ബി ജെ പി പരസ്യത്തില്‍ അവതരിപ്പിച്ചത്. ഇത്തരം പരസ്യങ്ങളില്‍ ബി ജെ പി നേതൃത്വം തൃപ്തരല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബി ജെ പി പരസ്യത്തിനെതിരെ കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications