സ്ത്രീ കരഞ്ഞതു കൊണ്ട് സ്ത്രീധന പീഡനക്കേസിന് തെളിവാകില്ല; ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: ഒരു സ്ത്രീ കരഞ്ഞത് കൊണ്ട് മാത്രം അത് സ്ത്രീധന പീഡനക്കേസിന് തെളിവാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീധന പീഡന കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും കുറ്റവിമുക്തമാക്കിയത് ചോദ്യം ചെയ്തുള്ള യുവതിയുടെ കുടുംബത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഇന്ത്യന്‍ ശിക്ഷാ വ്യവസ്ഥകള്‍ പ്രകാരം, കരച്ചില്‍ പോലുള്ള വൈകാരികാവസ്ഥകള്‍ സ്ത്രീധന പീഡനത്തിനോ ഭര്‍ത്താവിന്റെ ക്രൂരതയ്ക്കോ തെളിവാകില്ല. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിചാരണക്കോടതിയുടെ തീരുമാനം ശരിവച്ചു കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് നീന ബന്‍സല്‍ കൃഷ്ണ ഈ വിധി പുറപ്പെടുവിച്ചത്. ഭര്‍ത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതകള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 498 എ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരുന്നത്.

2010-ലാണ് യുവതി വിവാഹിതയായത്. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും യുവതി സ്ത്രീധന പീഡനം നേരിട്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിവാഹത്തിനായി ഏകദേശം നാലു ലക്ഷം രൂപയോളമാണ് യുവതിയുടെ വീട്ടുകാര്‍ ചെലവഴിച്ചത്. അതിനു ശേഷം ഭര്‍ത്താവും അമ്മായിയച്ഛനും മോട്ടോര്‍ സൈക്കിള്‍, പണം, സ്വര്‍ണ ബ്രേസ്‌ലെറ്റ് എന്നിവ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
രണ്ട് പെണ്‍മക്കളുടെ അമ്മയായ സ്ത്രീ 2014 മാര്‍ച്ച് 31 ന് മരിണത്തിനു കീഴടങ്ങി. മരണ ശേഷം ഭര്‍ത്താവിനും കുടുംബത്തിനും എതിരേ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തുവന്നു. തുടര്‍ന്ന് മാനസിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഭര്‍ത്താവിന്റെ കുടുംബത്തിനെതിരേ കേസെടുത്തു.
മരിച്ച സ്ത്രീയുടെ സഹോദരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഹോളി ദിനത്തില്‍ തന്റെ സഹോദരിയെ വിളിച്ചപ്പോള്‍ അവള്‍ കരയുകയായിരുന്നുവെന്നാണ് മൊഴിയിലുള്ളത്. തുടര്‍ച്ചയായ പീഡനത്തിന്റെ തെളിവായി ഇക്കാര്യമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കരഞ്ഞതു കൊണ്ടു മാത്രം സ്ത്രീധന പീഡനത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ന്യൂമോണിയ ബാധിച്ചാണ് യുവതി മരിച്ചതെന്നും അതൊരു സ്വാഭാവിക രോഗാവസ്ഥയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
സ്ത്രീധന പീഡനക്കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാതെ വെറും പ്രസ്താവനകള്‍ കൊണ്ട് കേസ് തെളിയിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ത്രീധനം നല്‍കിയതിനോ ഗാര്‍ഹിക പീഡനത്തിനോ വ്യക്തമായ തെളിവ് നല്‍കാത്തതിന് യുവതിയുടെ കുടുംബത്തെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള നിയമനടപടികള്‍ക്ക് വെറും ആരോപണങ്ങളും വൈകാരിക പ്രകടനങ്ങളും പര്യാപ്തമല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവതിയുടെ കുടുംബത്തിന്റെ ഹര്‍ജി തള്ളുകയും ചെയ്തു.












Click it and Unblock the Notifications