ഡൽഹി മദ്യനയക്കേസ്; ആം ആദ്മിക്ക് ആശ്വാസം, സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി: മദ്യനയക്കേസ് ആം ആദ്മി മുൻ മന്ത്രി സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. വിചാരണ കോടതി നിർദ്ദേശിക്കുന്ന ഉപാധികളോടെയാണ് ജാമ്യം. ഇന്ന് നൽകിയ ഇളവ് മുൻഗണനയായി കണക്കാക്കില്ലെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് തുടരാമെന്നും കോടതി പറഞ്ഞു. അറസ്റ്റിലായി ആറ് മാസങ്ങൾക്ക് ശേഷമാണ് സഞ്ജയ് സിംഗിന് ജാമ്യം ലഭിക്കുന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത, പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിംഗിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. മദ്യനയക്കേസിൽ സഞ്ജയ് സിംഗിനെ കൂടുതൽ കസ്റ്റഡിയിൽ വേണമോയെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി ചൊവ്വാഴ്ച ആരാഞ്ഞിരുന്നു. എന്നാൽ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു ഇഡി നിലപാട് അറിയിച്ചത്. അതേസമയം വാദത്തിനിടെ ഇഡിയെ കോടതി അതിരൂക്ഷമായി വിമർശിച്ചു. സഞ്ജയ് സിംഗിനെതിരെ തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അദ്ദേഹത്തിൽ നിന്നും പണം കണ്ടെത്താൻ സാധിച്ചിട്ടില്ലല്ലോയെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ നാലിനായിരുന്നു കേസിൽ സഞ്ജയ് സിംഗ് അറസ്റ്റിലാകുന്നത്. അദ്ദേഹത്തിന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സഞ്ജയ് സിങിനെ അറസ്റ്റ് ചെയ്തത്. നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സഞ്ജയ് സിങ് സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നായിരുന്നു ഇഡി ആരോപിച്ചത്. മദ്യനയത്തിന്റെ മറവിൽ എഎപിക്കു ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് ഉപയോഗപ്പെടുത്തിയെന്നും ഇഡി പറഞ്ഞിരുന്നു. രണ്ടുഘട്ടമായി ദിനേശ് അറോറ രണ്ടു കോടി രൂപ സഞ്ജയ് സിംഗിന് കൈമാറിയെന്നാണ് ഇഡി ആരോപിച്ചത്. എന്നാൽ ഈ വാദങ്ങൾ തുടക്കം മുതൽ തന്നെ സഞ്ജയ് സിംഗ് തള്ളിയിരുന്നു.
അതേലമയം മദ്യനയക്കേസിൽ നിലവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തീഹാർ ജയിലിൽ തുടരുകയാണ്. കേസിൽ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് ബി ജെ പി നടത്തുന്നതെന്നാണ് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി ഇന്ന് ആരോപിച്ചത്. താൻ അടക്കമുള്ള നാല് നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യാനാണ് ബി ജെ പിയുടെ പദ്ധതി. ഒന്നുകിൽ ബി ജെ പിയിൽ ചേരുക അല്ലെങ്കിൽ ഇഡിയുടെ അറസ്റ്റ് നേരിടുക എന്നാണ് ഭീഷണിയെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications