ദല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ്: ബിജെപി തന്ത്രം സുപ്രീംകോടതിയില്‍ പാളി, ആം ആദ്മിക്ക് ആശ്വാസം
മുന്‍സിപ്പില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 250 ല്‍ 134 സീറ്റ് നേടി ആം ആദ്മി ഗംഭീര വിജയം നേടിയിരുന്നു. ബി ജെ പിക്ക് 104 സീറ്റിലാണ് വിജയിക്കാനായത്

ന്യൂദല്‍ഹി: ദല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി. മേയര്‍ തെരഞ്ഞെടുപ്പില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ആം ആദ്മിക്ക് വളരെ ആശ്വാസം പകരുന്നതാണ് വിധി.
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ബി ജെ പിയുമായി നേരത്തെ ബന്ധമുള്ളവരായിരുന്നു എന്നും ഇവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് മേയര്‍ തെരഞ്ഞെടുപ്പിന് കളങ്കമാകും എന്നുമാണ് ആം ആദ്മി വാദിച്ചിരുന്നത്. നോമിനേറ്റഡ് അംഗങ്ങളുടെ വോട്ട് മേയര്‍ തെരഞ്ഞെടുപ്പ് ബി ജെ പിക്ക് അനുകൂലമാക്കും എന്ന ആശങ്കയിലായിരുന്നു ആം ആദ്മി. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ വിജ്ഞാപനം വേണം
മേയര്‍ തെരഞ്ഞെടുപ്പ് ആദ്യ എം സി ഡി യോഗത്തില്‍ തന്നെ നടത്തണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ ആയിരിക്കും അധ്യക്ഷനെന്നും കോടതി പറഞ്ഞു. മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വിജ്ഞാപനം 24 മണിക്കൂറിനുള്ളില്‍ പുറപ്പെടുവിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മേയര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ഡെപ്യൂട്ടി മേയറുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് നടത്തുക.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കുറുക്കുവഴി
തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി നേതാവും മേയര്‍ സ്ഥാനാര്‍ഥിയുമായ ഷെല്ലി ഒബ്റോയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ ജയിച്ച കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞക്ക് മുന്‍പ് ലഫ്റ്റനന്റ് ഗവര്‍ണര്‍ തലേന്ന് നാമനിര്‍ദേശം ചെയ്ത ബി ജെ പിക്കാരായ കൗണ്‍സിലര്‍മാരെ സത്യപ്രതിജ്ഞക്ക് വിളിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ബിജെപിയെ സഹായിക്കാന്‍ ചെയ്തത്
സത്യപ്രതിജ്ഞക്ക് ഏറ്റവും മുതിര്‍ന്ന കൗണ്‍സിലറെ താല്‍കാലിക സ്പീക്കറാക്കുക എന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ ഇത് ലംഘിച്ച് ബി ജെ പി കൗണ്‍സിലറെയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. ഇത് ചോദ്യം ചെയ്താണ് ആം ആദ്മി രംഗത്തെത്തിയത്. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആക്ട് പ്രകാരം നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ വോട്ടധികാരമില്ല എന്ന് ആം ആദ്മി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബി ജെ പി ഇത് അംഗീകരിച്ചില്ല.

വോട്ടവകാശം ഇവര്‍ക്ക്
250 വാര്‍ഡുകളിലേക്ക് നടന്ന ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ 134 സീറ്റുകളില്‍ ആണ് ആം ആദ്മി ജയിച്ചത്. ബി ജെ പി 104 സീറ്റിലും ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത് സീറ്റിലാണ് ജയിക്കാനായത്. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് പുറമെ നാമനിര്‍ദേശം ചെയ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ക്കും ദല്‍ഹിയിലെ ഏഴ് ബി ജെ പി ലോക്‌സഭ എം പിമാര്‍ക്കും മൂന്ന് ആം ആദ്മി രാജ്യസഭ എം.പിമാര്‍ക്കും ദല്‍ഹി നിയമസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട 14 എം എല്‍ എമാര്‍ക്കും വോട്ടവകാശമുണ്ട്.












Click it and Unblock the Notifications