ചെങ്കോട്ടയ്ക്ക് സുരക്ഷയൊരുക്കാൻ കണ്ടെയ്നറുകൾ: നിർണ്ണായക നീക്കത്തിന് ദില്ലി പോലീസ്
ദില്ലി: സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ചെങ്കോട്ടയ്ക്ക് പുറത്ത് ഷിപ്പിംഗ് കണ്ടെയ്നറുകൾ നിരത്തി ദില്ലി പോലീസ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കൂടുതൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായണ് പോലീസ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തിൽ കർഷക സമരത്തിന്റെ ഭാഗമായുള്ള ട്രാക്ടർ റാലിയിൽ പങ്കെടുത്ത ഒരു വിഭാഗം പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് പ്രവേശിക്കുകയും പതാകകൾ ഉയർത്തുകയും അടക്കമുള്ള പ്രതിഷേധ രീതികൾ അവലംബിച്ചിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ആഗസ്റ്റ് 15 വരെ ചെങ്കോട്ടയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ദില്ലിയിൽ കാർഷിക നിയമങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ സുരക്ഷാ സേനയും കർഷകരും തമ്മിലുള്ള സംഘർഷത്തിനും വഴിവെച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി സുരക്ഷ ശക്തമാക്കാനാണ് സാഹചര്യം.

ജമ്മുകശ്മീരിൽ അടുത്ത കാലത്ത് ഡ്രോൺ ആക്രമണങ്ങളും ഇത്തരത്തിലുള്ള നീക്കത്തിന് ദില്ലി പോലീസിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. അതേ സമയം ഭീകരാക്രമണ ഭീഷണികളെ പ്രതിരോധിക്കുന്നതിന് കൂടിയാണ് നീക്കം.
ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പാകിസ്താൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തിയ സാഹചര്യത്തിൽ പാകിസ്താന്റെ പിന്തുണയോടെ ചെങ്കോട്ട കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ഭീകര സംഘടനകൾ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ചെങ്കോട്ടയുടെ സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്. ഇതിനിടെ കുറച്ചുദിവസങ്ങൾക്ക് മുന്ന് ചെങ്കോട്ടയുടെ പിൻഭാഗത്ത് കൂടി പറന്നുയർന്ന ഒരു ഡ്രോൺ ദില്ലി പോലീസ് പിടിച്ചെടുത്തിരുന്നു. ചെങ്കോട്ടയുടെ പരിസരത്ത് വെബ്സിരീസ് ചിത്രീകരിച്ചുകൊണ്ടിരുന്ന സംഘത്തിന്റെയായിരുന്നു ഈ ഡ്രോണെന്ന് പിന്നീടാണ് കണ്ടെത്തിയത്.












Click it and Unblock the Notifications