ഡല്‍ഹിയില്‍ 52.3 ഡിഗ്രി താപനില?, കൊടും ചൂടില്‍ ഞെട്ടി കാലാവസ്ഥ വകുപ്പ്; ഡാറ്റ പരിശോധിക്കും
ന്യൂഡല്‍ഹി: കേരളത്തില്‍ അടക്കം മഴ തകര്‍ത്ത് പെയ്യുമ്പോള്‍ ഉത്തരേന്ത്യയില്‍ കനത്ത ചൂട്. 52.3 ഡിഗ്രി ചൂടാണ് ഇന്ന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കാലാവസ്ഥ വകുപ്പിന്റെ ഡാറ്റയില്‍ വലിയ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രത്തിലാണ് ഇത്രയും കടുത്ത താപനില റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇത്രയും തീവ്രമായ താപനിലയില്‍ മുങ്കേഷ്പൂരില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്രയും താപനില വരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാലാവസ്ഥ വകുപ്പ് ഇക്കാര്യം പരിശോധിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

സെന്‍സറുകള്‍ കൃത്യമായിട്ടാണ് താപനില രേഖപ്പെടുത്തിയതെങ്കില്‍ മാത്രമേ രാജ്യത്തെ ഏറ്റവും ചൂടേറിയ ദിനമായി ഇതിനെ രേഖപ്പെടുത്താന്‍ സാധിക്കൂ. അതുവരെ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അധ്യക്ഷന്‍ അറിയിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ചൂട് കാറ്റേറ്റ് പൊള്ളുന്ന ആദ്യ മേഖല ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളാണ് കാലാവസ്ഥ വകുപ്പ് റീജ്യനല്‍ അധ്യക്ഷന്‍ കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.
ഇതാണ് താപനില ഉയരാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഡല്‍ഹിയിലെ ചില ഭാഗങ്ങളിലാണ് ഈ ചൂട് കാറ്റ് ആദ്യമെത്തുക. നേരത്തെ തന്നെ കടുത്ത താപനില നിലനില്‍ക്കുന്നുണ്ട്. അതിനൊപ്പം ഈ ഉഷ്ണക്കാറ്റ് കൂടി വരുന്നതോടെ താപനില വഷളാവും. മുങ്കേഷ്പൂര്‍, നരേല, നജഫ്ഗഡ് എന്നീ മേഖലകള്‍ കടുത്ത ഉഷ്ണക്കാറ്റില്‍ വെന്തുരുകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അതേസമയം കാലാവസ്ഥ വകുപ്പ് പ്രതീക്ഷിച്ചതിലും ഒന്‍പത് ശതമാനം അധികമായിരുന്നു ബുധനാഴ്ച്ചത്തെ താപനില. 2002ല്‍ 49.2 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് താപനില ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ചെറുതായി ബുധനാഴ്ച്ച വൈകീട്ട് മഴ പെയ്തിരുന്നു. താപനില വീണ്ടും ഉയരാന്‍ മാത്രമാണ് ഇത് സഹായിച്ചത്.
ഡല്‍ഹിയിലെ സുപ്രധാന കാലാവസ്ഥ കേന്ദ്രമായ സഫ്ദര്‍ജങില്‍ 46.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ബുധനാഴ്ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ 79 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
റെഡ് അലര്‍ട്ട് ഹെല്‍ത്ത് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍. ചൂടിനെ തുടര്‍ന്ന് രോഗബാധിതനാവാനും, അതുപോലെ സൂര്യാതപം ഏല്‍ക്കാനുമുള്ള സാധ്യത എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ഉണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രായമായവരടക്കം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം ഇന്ത്യയില്‍ ഉഷ്ണക്കാറ്റുകള്‍ എപ്പോഴും കനത്ത ചൂടിനെ തുടര്‍ന്ന് ഉണ്ടാവാറുണ്ട്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം ഇത് ശക്തമാക്കിയെന്നാണ് കണ്ടെത്തല്‍.












Click it and Unblock the Notifications