ദല്‍ഹി കലാപം: സോണിയയ്ക്കും രാഹുലിനും ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമം പാസാക്കിയതിന് പിന്നാലെ നടന്ന കലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. 2020 ലെ ദല്‍ഹി കലാപത്തില്‍ തങ്ങളെ കക്ഷികളാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് തേടിയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബി ജെ പി നേതാല് അനുരാഗ് ഠാക്കൂര്‍, ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, നടി സ്വര ഭാസ്‌കര്‍, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ 2020 ഫെബ്രുവരിയിലെ കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് അവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജി. അമാനത്തുള്ള ഖാന്‍, എ ഐ എം ഐ എം നേതാക്കളായ വാരിസ് പത്താന്‍, അക്ബറുദ്ദീന്‍ ഒവൈസി, മെഹ്മൂദ് പ്രാച്ച എന്നിവരും നോട്ടീസ് നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാളിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

റിട്ട് ഹര്‍ജിയില്‍ കക്ഷി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമോയെന്ന് വ്യക്തമാക്കാന്‍ വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുന്നത് ഉചിതമാണെന്ന് കോടതി പറഞ്ഞു. ദല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനൂപ് കുമാര്‍ മെന്‍ദിരട്ട എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ നടപടി ആവശ്യപ്പെടുന്ന വ്യക്തികള്‍ക്ക് നോട്ടീസ് അയച്ചത്.
ബി ജെ പി നേതാക്കളായ അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര, പര്‍വേഷ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് എഫ് ഐ ആര്‍ ആവശ്യപ്പെട്ട് ഹരജിക്കാരനായ ഷെയ്ഖ് മുജ്തബ ഫാറൂഖാണ് ഒരു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, മനീഷ് സിസോദിയ, അമാനത്തുള്ള ഖാന്‍, അക്ബറുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ലോയേഴ്സ് വോയ്സ് ആണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹി ജുമാ മസ്ജിദ്, ഷഹീന്‍ബാഗ് എന്നിവിടങ്ങളില്‍ ആരംഭിച്ച സമരങ്ങള്‍ക്ക് നേരെ ഹിന്ദുത്വ വാദികള്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും, 200 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications