വാക്ക് തര്‍ക്കം , ഡോക്ടറെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി, കൊലയാളികളില്‍ കുട്ടികളും
ദില്ലി; ഉത്തര ദില്ലിയില്‍ വികാസ് പുരിയില്‍ ദന്ത ഡോക്ടറെ അര്‍ദ്ധ രാത്രി വീ്ട്ടില്‍ നിന്നും വലിച്ചിറക്കി നടുറോഡിലിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. 40 കാരനായ ഡോക്ടറെ 15 ഓളം പേരാണ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. കൊലയാളികളില്‍ പ്രായപൂര്‍ത്തിയാവാത്ത നാലു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വികാസ് പുരി സ്വദേശിയായ പങ്കജ് നാരംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്‌തെന്ന് ദില്ലി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പുഷ്‌പേന്ദ്ര കുമാര്‍ അറിയിച്ചു.

ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ ഒരു റണ്‍ വിജയത്തിന്റെ ആഘോഷത്തില്‍ രാത്രി വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു ഡോക്ടര്‍. ഇതിനിടെ റോഡിലേക്ക് തെറിച്ചു പോയ പന്തെടുക്കാന്‍ പുറുത്തുപോയ നാരംഗിന്റെ മകന്റെ ദേഹത്ത് ഇതുവഴി വന്ന രണ്ടുപേരുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതേച്ചൊല്ലി ഡോക്ടറും ബൈക്ക് യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.
തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഇരുവരും അര്‍ദ്ധരാത്രിയോടെ കൂടുതല്‍ പേരുമായി തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ വലിച്ചിറക്കി കൈയില്‍ കരുതിയ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെങ്കിലും ആക്രമികള്‍ അടുക്കാന്‍ അനുവദിച്ചില്ല. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications