ദേവേന്ദ്ര ഫട്നാവിസ് ചിരിക്കുന്നു! ഭൂരിപക്ഷം തെളിയിക്കും, നവംബർ 30 ബിജെപിക്ക് നിർണായകം!
മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ത്രികക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരമേല്‍ക്കും എന്നുറപ്പിച്ചാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി നേതൃത്വം വെള്ളിയാഴ്ച രാത്രി പിരിഞ്ഞത്. ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ പത്രങ്ങളിലെല്ലാം ഉദ്ധവ് മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തയും വന്നു.
എന്നാല്‍ എല്ലാം മാറി മറിഞ്ഞത് ഞൊടിയിടെയായിരുന്നു. തങ്ങളെ വിട്ട് കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം പോയ ശിവസേനയ്ക്ക് മുഖമടച്ച് അടി കൊടുത്തിരിക്കുകയാണ് ബിജെപി. ഇനി ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് മുന്നിലുളള വെല്ലുവിളി സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്.

ഭൂരിപക്ഷം തെളിയിക്കണം
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 എംഎല്‍എമാരുടെ പിന്തുണയാണ്.. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കുളളതാവട്ടെ 105 അംഗങ്ങള്‍ മാത്രം. ശിവസേനയ്ക്ക് 56 എംഎല്‍എമാരും എന്‍സിപിക്ക് 54 എംഎല്‍എമാരുമുണ്ട്. കോണ്‍ഗ്രസിന് 44 എംഎല്‍എമാരാണുളളത്. മറ്റ് ചെറുകക്ഷികളും സ്വതന്ത്രരുമായി 29 പേരുമുണ്ട്.

20 സ്വതന്ത്രരുടെ പിന്തുണ
20 സ്വതന്ത്രരുടെ പിന്തുണ തങ്ങള്‍ക്കുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അങ്ങനെ വന്നാല്‍ ബിജെപിയുടെ അംഗബലം 125 ആയി ഉയരും. ഇനി 20 എംഎല്‍എമാരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാവും. അജിത് പവാറിനൊപ്പം എന്‍സിപിയില്‍ നിന്ന് എത്ര എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് എത്തും എന്നതിനെ ആശ്രയിച്ചിരിക്കുമിത്.

170 എംഎല്‍എമാരുടെ പിന്തുണ
170 എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട് എന്നാണ് പാര്‍ട്ടി നേതാവ് ഗിരീഷ് മഹാജന്‍ അവകാശപ്പെടുന്നത്. അതിനിടെ ശിവസേനയുടെ 17 എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്തിരുന്ന എംഎല്‍എമാരാണ് ഇവരെന്നാണ് സൂചന.

ചെറു പാര്‍ട്ടികളുടെ നിലപാട്
ബഹുജന്‍ വികാസ് അഖഡി 3 സീറ്റ്, മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലമീന്‍ 2 സീറ്റ്, പ്രഹര്‍ ജനശക്തി പാര്‍ട്ടി 2 സീറ്റ്, സമാജ്വാദി പാര്‍ട്ടി 2 സീറ്റ്, സിപിഎം 1 സീറ്റ് എന്നിങ്ങനെയാണ് ചെറുകക്ഷികളുടെ അംഗബലം. കൂടാതെ 13 സ്വതന്ത്രരും 1 സീറ്റ് നേടിയ മറ്റ് ചെറു പാര്‍ട്ടികളുമുണ്ട്. ഇവരുടെ നിലപാട് എന്തായിരിക്കും എന്നതും ബിജെപിക്ക് നിര്‍ണായകമാണ്.

മഹാരാഷ്ട്ര ഉറങ്ങില്ലെന്ന് താക്കറെ
അവകാശപ്പെടുന്നത് പോലെ 20 സ്വതന്ത്രരുടെ പിന്തുണയും ശിവസേനയില്‍ നിന്നും എന്‍സിപിയില്‍ നിന്നും എംഎല്‍എമാര്‍ എത്തുകയും ചെയ്താല്‍ വന്‍ ഭൂരിപക്ഷത്തോടെ തന്നെ ദേവേന്ദ്ര ഫട്‌നാവിസിന് നിയമസഭയില്‍ വിശ്വാസം തെളിയിക്കാം. അതിനിടെ എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ഉദ്ധവ് താക്കറെ ബിജെപിക്ക് നല്‍കിയിരിക്കുന്നത്. എംഎല്‍എമാരെ അടര്‍ത്തിയാല്‍ മഹാരാഷ്ട്ര ഉറങ്ങില്ലെന്നാണ് താക്കറെയുടെ ഭീഷണി.

അജിത് പവാർ കൃത്രിമം കാട്ടി
അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കാവില്ല എന്നാണ് എന്‍സിപിയും കോണ്‍ഗ്രസുമടക്കം വ്യക്തമാക്കുന്നത്. അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പിന്തുണക്കത്ത് സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എന്‍സിപി എംഎല്‍എമാരുടെ ഒപ്പ് അജിത് പവാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് എന്‍സിപി ആരോപിക്കുന്നു. അറ്റന്‍ഡന്‍സിനായി പേരെഴുതി ഒപ്പിട്ട കത്താണ് അജിത് പവാര്‍ ഹാജരാക്കിയത് എന്നാണ് ആരോപണം.

ഇനി കൃത്യം ഒരാഴ്ച
അജിത് പവാറിനൊപ്പം പോയ 10 എംഎല്‍എമാരില്‍ 3 പേരെ ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. നവംബര്‍ 30 വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സമയം അനുവദിച്ചിരിക്കുന്നത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ ഒരാഴ്ച കൂടി ബിജെപിക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് സുരക്ഷിതരായി മാറ്റുകയാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും.












Click it and Unblock the Notifications