ബിജെപി വിട്ട് വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ..? സാധ്യതകള്‍ ഇങ്ങനെ
ലഖ്‌നൗ: ബി ജെ പി എം പി വരുണ്‍ ഗാന്ധിയുടെ സമീപകാല പ്രസ്താവനകളെല്ലാം അദ്ദേഹം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു എന്ന സൂചന നല്‍കുന്നതാണ്. വരുണ്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയുടെ നയങ്ങളെയും നടപടികളേയും തുറന്ന് വിമര്‍ശിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പങ്കെടുത്തേക്കും എന്ന തരത്തില്‍ പോലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കുള്ള പ്രവേശനത്തിന് സാധ്യത തേടുകയാണോ എന്ന് പലരും ആശ്ചര്യപ്പെടുകയും ചെയ്തു. രണ്ട് വര്‍ഷത്തിലേറെയായി പ്രമുഖ ജേണലുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ബി ജെ പിയോടുള്ള അദ്ദേഹത്തിന്റെ രോഷം പ്രകടമാണ്. അതിനിടെ കഴിഞ്ഞ മാസം ഒരു പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു.

അത് ഇപ്രകാരമായിരുന്നു... ഞാന്‍ നെഹ്റുജിക്ക് എതിരോ കോണ്‍ഗ്രസിന് എതിരോ അല്ല.. നമ്മുടെ രാഷ്ട്രീയം ഒരു ആഭ്യന്തരയുദ്ധത്തിന് പ്രേരണ നല്‍കുന്നതിനേക്കാള്‍ ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ മാത്രം വോട്ട് സമ്പാദിക്കുന്നവര്‍ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഗുരുതരമായ വിഷയങ്ങളില്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കേണ്ടതുണ്ട്.

ആളുകളെ അടിച്ചമര്‍ത്തുന്നതില്‍ വിശ്വസിക്കുന്ന രാഷ്ട്രീയം നമ്മള്‍ പിന്തുടരുത്. മറിച്ച് ആളുകളെ പുരോഗതിയിലേക്ക് ഉയര്‍ത്തുന്ന രാഷ്ട്രീയമാണ് നമ്മള്‍ മുന്നോട്ടുവെക്കേണ്ടത് എന്നായിരുന്നു തന്റെ മണ്ഡലമായ പിലിഭിത്തില്‍ നടന്ന ഒരു വലിയ സമ്മേളനത്തില്‍ വരുണ്‍ ഗാന്ധി പറഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിക്കാനും അദ്ദേഹം മടി കാണിച്ചില്ല.

അതേസമയം ജവഹര്‍ലാല്‍ നെഹ്റു സംഘപരിവാറിന്റെ ഏറ്റവും വലിയ നോട്ടപ്പുള്ളിയായ കാലത്താണ് നെഹ്റുവിനോ കോണ്‍ഗ്രസിനോ എതിരായിരുന്നില്ല എന്ന് വരുണ്‍ ഗാന്ധി പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. 2019 ല്‍ അമ്മ മേനക ഗാന്ധിയെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വരുണിന്റെ വിയോജിപ്പിന്റെ ആദ്യ സൂചനകള്‍ പുറത്തുവന്നത്.

അതിന് മുന്‍പ് യു പി മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിരിക്കുകയായിരുന്നു വരുണ്‍ ഗാന്ധി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് യോഗി ആദിത്യനാഥ് അപ്രതീക്ഷിതമായി ആ റോളിലേക്ക് എത്തുന്നത്. അതിനുശേഷം, ബി ജെ പിയുടെ ഭരണത്തെ ചോദ്യം ചെയ്യാനുള്ള ഒരു അവസരവും വരുണ്‍ ഗാന്ധി പാഴാക്കിയിട്ടില്ല. രാജ്യത്തെ ഗ്രാമീണ സമ്പദ്വ്യവസ്ഥ, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിലെ മോദി സര്‍ക്കാരിന്റെ വീഴ്ചകളും പരാജയങ്ങളും അദ്ദേഹം തുറന്നുകാട്ടി.

ബി ജെ പിയില്‍ ഇനി തനിക്ക് ഭാവി ഇല്ല എന്ന് വരുണ്‍ ഗാന്ധിക്ക് ബോധ്യമുണ്ട്. തന്റെ 'മാതൃപാര്‍ട്ടിയായ' കോണ്‍ഗ്രസിലേക്ക് അദ്ദേഹം തിരിച്ചുപോകുമോ എന്നതാണ് പ്രധാന ചോദ്യം. കോണ്‍ഗ്രസിലല്ലാതെ മറ്റൊരു പാര്‍ട്ടിയിലും അദ്ദേഹത്തിന് ദേശീയ വ്യക്തിത്വം നിലനിര്‍ത്താന്‍ സാധിക്കില്ല. എങ്കിലും എന്‍ സി പി, തൃണമൂല്‍ കോണ്‍ഗ്രസ്, എസ് പി എന്നിവ അദ്ദേഹത്തിന്റെ രണ്ടാം ഓപ്ഷനായി ഉണ്ടായിരിക്കും.

എന്നാല്‍ വരുണ്‍ ഗാന്ധിയെ സംബന്ധിച്ച് കോണ്‍ഗ്രസിലേക്കാണ് പോകുന്നതെങ്കില്‍ അവിടെ തന്റെ സ്ഥാനം എന്തായിരിക്കും എന്ന് അദ്ദേഹം അറിയണം എന്നതാണ്. തന്നോട് അനുഭാവം കാണിക്കുന്ന പ്രിയങ്ക ഗാന്ധിയുമായി വരുണ്‍ ഗാന്ധി ബന്ധപ്പെടുന്നുണ്ട്. വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കാണ് എത്തുന്നത് എങ്കില്‍ യു പിയില്‍ ഒരു പ്രധാന നേതാവായി ഉയര്‍ന്ന് വരാന്‍ സാധിക്കും എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത്.












Click it and Unblock the Notifications