ചിദംബരം പൂർണ ആരോഗ്യവാനെന്ന് എയിംസ് റിപ്പോർട്ട്, ഇടക്കാല ജാമ്യഹർജി ദില്ലി ഹൈക്കോടതി തള്ളി
ദില്ലി: ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര മന്ത്രി പി ചിദംബരം സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ചിദംബരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടി എയിംസ് മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹർജി തള്ളിയത്.
പി ചിദംബരത്തിന്റെ ജാമ്യഹർജി കോടതി ഇനി നവംബർ നാലിന് പരിഗണിക്കും. എൻഫോഴ്സമെന്റ് ഡയറക്ടറേ്റിന്റെ കസ്റ്റഡിയിലായിരുന്ന പി ചിദംബരത്തെ നവംബർ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ നേരത്തെ കോടതി ഉത്തരവിട്ടിരിക്കുകയായിരുന്നു. അടിക്കടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന ചിദംബരത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എയിംസ് അധികൃതരോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

ദഹനവ്യവസ്ഥയെ ബാധിക്കുന്ന ക്രോൺസ് എന്ന അസുഖമാണ് ചിദംബരത്തിനെന്നാണ് റിപ്പോർട്ട്. വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോകാൻ ആറ് ദിവസത്തെ ഇടക്കാല ജാമ്യമാണ് പി ചിദംബരം ആവശ്യപ്പെട്ടത്. തന്റെ ആരോഗ്യ നില മോശമായി വരികയാണെന്നും അണുവിമുക്തമായ അന്തരീക്ഷത്തിൽ കഴിയേണ്ടതുണ്ടെന്നും ജാമ്യാപേക്ഷയിൽ ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.
ചി ചിദംബരം ആരോഗ്യവാനാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. ചിദംബരത്തിന് താമസിക്കാനായി വൃത്തിയുള്ള അന്തരീക്ഷം ഒരുക്കണമെന്നും മിനറൽ വാട്ടർ, വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം. കൊതുക് കടിയേൽക്കാതിരിക്കാനുള്ള മോസ്ക്വിറ്റോ റിപ്പലന്റ് എന്നിവ നൽകണമെന്ന് കോടതി ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎൻഎക്സ് മീഡിയ കേസിൽ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്.












Click it and Unblock the Notifications