ബിജെപിയിലേക്ക് കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കല്‍: കോണ്‍ഗ്രസ് ഹർജി തള്ളി കോടതി
പനാജി: 2019ൽ ബി ജെ പിയിലേക്ക് കൂറുമാറിയ 12 ഗോവ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും എം ജി പിയും (മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി) സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. സ്പീക്കർ പാസാക്കിയ ഉത്തരവിൽ ഇടപെട്ടതിന് കേസ് എടുക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. എം എല്‍ എമാരുടെ അയോഗ്യത ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികൾ തള്ളാനുള്ള നിയമസഭാ സ്പീക്കർ രാജേഷ് പട്‌നേക്കറിന്റെ കഴിഞ്ഞ വർഷത്തെ തീരുമാനം ഭരണഘടനയുടെ പത്താം ഷെഡ്യൂളിന് എതിരാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
12 എം എൽ എമാരിൽ 10 പേർ കോൺഗ്രസിൽ നിന്നും രണ്ട് പേർ ഗോവയിലെ ഏറ്റവും പഴയ പ്രാദേശിക പാർട്ടിയായ എം ജി പിയിൽ നിന്നുമായിരുന്നു കൂറുമാറി ബി ജെ പിയില്‍ ചേർന്നത്. നിയമസഭ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗബലമുള്ളതിനാൽ ഇത് സാധുവായ ലയനമാണെന്നും ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റമല്ലെന്നും എം എൽ എമാരും അവകാശപ്പെട്ടിരുന്നു. എം എല്‍ എമാർക്കെതിരെ ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കറാണ് ഒരു ഹർജി നൽകിയത്. മറ്റൊരു ഹർജി എം ജി പിയും നല്‍കി.

കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉള്‍പ്പടേയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. "ബഹുമാനപ്പെട്ട കോടതയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. 12 എം എൽ എമാരെ ബി ജെ പി ലെജിസ്ലേച്ചർ പാർട്ടിയിൽ ലയിപ്പിച്ചതിനെതിരെ കോൺഗ്രസും എം ജി പിയും നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ജനാധിപത്യവും ഭരണഘടനാപരമായ തത്വവും അപകീർത്തികരമായ പ്രചാരണത്തെ മറികടന്ന് വിജയം സ്വന്തമാക്കിയിരിക്കുന്നു"- മുഖ്യമന്ത്രി പ്രമോദി സാവന്ത് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കോടതി വിധിക്ക് പിന്നാലെ രൂക്ഷമായ പ്രതികരണമായിരുന്നു ഗോവ പി സി സി അധ്യക്ഷന്‍ നടത്തിയത്. "ഇത് കോൺഗ്രസിന് മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു മോശം മാതൃക സൃഷ്ടിക്കാൻ പോകുകയാണ്, ഒരു തിരഞ്ഞെടുപ്പിന് ശേഷം, കുറച്ച് എം എൽ എമാർ ഒത്തുചേർന്ന് മറ്റൊന്നിലേക്ക് ചേരാനുള്ള തീരുമാനം എടുക്കും. ഇതിന് ഇപ്പോഴെങ്കിലും തടയിടാന്‍ നമുക്ക് സാധിക്കേണ്ടതായിരുന്നു"- ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications