ശിവകുമാറോ സിദ്ധാമയ്യയോ? അധികാര തർക്കത്തിൽ തീരുമാനം വൈകില്ല, ഡിസംബർ 1ന് മുൻപ് പരിഹാരം
ബെംഗളൂരു: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയ കർണാടകയിലെ അധികാരതർക്കത്തിൽ അന്തിമ തീരുമാനം വൈകില്ലെന്ന് സൂചന. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ ഒന്നിന് ആരംഭിക്കുന്നതിന് മുൻപ് കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിർണായകമായ ഒരു തീരുമാനം എടുക്കാൻ സാധ്യതയുണ്ടെന്നാണ് മുതിർന്ന പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്താൻ ഒരുങ്ങുകയാണ്. ഈ നിർണായക ചർച്ച ഇന്ന് അല്ലെങ്കിൽ നാളെ നടക്കാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. പാർലമെന്റ് സമ്മേളനത്തിന് മുൻപ് തന്നെ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അധികം വൈകാതെ തന്നെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കാൻ സാധ്യതയുണ്ട്. നവംബർ 28 അല്ലെങ്കിൽ 29ന് ഇത് സംഭവിച്ചേക്കും. നേതൃത്വ പ്രതിസന്ധിയിൽ ആഴ്‌ചകളായി നിലനിൽക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ഹൈക്കമാൻഡ് ഉൾപ്പെടെ ശ്രമിക്കുന്നത്.
അധികാര പങ്കാളിത്തത്തെക്കുറിച്ചുള്ള നേതാക്കളുടെ പരസ്യ പ്രസ്‌താവനകളിൽ മല്ലികാർജുൻ ഖാർഗെ ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങൾ പറയുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. പാർട്ടിയുടെ ദക്ഷിണേന്ത്യയിലെ പ്രധാന അധികാര കേന്ദ്രത്തിൽ അസ്ഥിരത ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.
സിദ്ധരാമയ്യ പക്ഷം കുറഞ്ഞത് മാർച്ച് വരെ തൽസ്ഥിതി തുടരാനും ഒരു മന്ത്രിസഭാ പുനഃസംഘടനയ്ക്കും ശ്രമിക്കുമ്പോൾ, ശിവകുമാർ അനുകൂലികൾ ഒരു അധികാര കൈമാറ്റ പദ്ധതിക്കായി സമ്മർദ്ദം ചെലുത്തുന്നത് നിർബാധം തുടരുകയാണ്. 2023-ൽ സർക്കാർ രൂപീകരണ സമയത്ത് അനൗദ്യോഗികമായി ധാരണയായിരുന്ന ഒരു പദ്ധതിയാണിതെന്ന് ശിവകുമാർ പക്ഷം വാദിക്കുന്നു.
ഇത്രയൊക്കെ ആണെങ്കിലും ഈ വിഷയത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെയും പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെയും കൈകളിലാണ്. കർണാടക ഘടകത്തിൽ നിന്ന് സമ്മർദ്ദം വർധിക്കുമ്പോൾ, കോൺഗ്രസ് ഹൈക്കമാൻഡ് ഈ വെല്ലുവിളി' ഏറ്റെടുക്കാൻ തയ്യാറാണോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അതിന്റെ ഉത്തരം വരുംദിവസങ്ങളിൽ തന്നെ ലഭിച്ചേക്കും.
നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹത്തിന് അനുകൂലിക്കുന്നവർ പറയുന്നു. മാത്രമല്ല സിദ്ധരാമയ്യക്ക് എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അവർ സൂചിപ്പിച്ചു. മറുവശത്ത് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈനെപ്പോലെയുള്ള ശിവകുമാർ പക്ഷക്കാർ, അദ്ദേഹം ഉടൻ മുഖ്യമന്ത്രിയാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിക്കുകയും ചെയ്യുമ്പോൾ പ്രതിസന്ധിയിലാവുന്നത് കേന്ദ്ര നേതൃത്വം കൂടിയാണ്.












Click it and Unblock the Notifications