'ഇവിഎമ്മിലെ ഡാറ്റ ഡിലീറ്റ് ചെയ്യരുത്'; തിരഞ്ഞെടുപ്പ് കമ്മീഷന് നിർണായക നിർദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ഡാറ്റ മായ്ച്ച് കളയരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശവുമായി സുപ്രീം കോടതി. ഇവിഎമ്മുകളുടെ പഴയ ഡാറ്റ പരിശോധനയും സ്ഥിരീകരണവും അവയുടെ അടിസ്ഥാന മാർഗ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ 15 ദിവസത്തിനകം പ്രതികരണം അറിയിക്കാനും കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
'ദയവായി ഡാറ്റ മായ്ച്ച് കളയരുത്, ഡാറ്റ വീണ്ടും ലോഡുചെയ്യരുത്. ആരെങ്കിലും അത് പരിശോധിക്കട്ടെ' സുപ്രീം കോടതി പറഞ്ഞു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്. ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന, ജസ്‌റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്‌ച കേസ് പരിഗണിച്ചത്. തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഇവിഎം മെമ്മറിയും മൈക്രോ കൺട്രോളറും നശിപ്പിക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി തേടി.

"സുപ്രീം കോടതി വിധി പ്രകാരം ഇസിഐ സ്വീകരിക്കേണ്ട നടപടിക്രമം അവരുടെ സ്‌റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളിന് യോജിച്ചതാവണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾ ആഗ്രഹിക്കുന്നത് ഇവിഎമ്മുകളുടെ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും ആരെങ്കിലും പരിശോധിക്കണം എന്നതാണ്" വാദത്തിനിടെ എഡിആറിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.
വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ പേപ്പർ ട്രയൽ ഉണ്ടാകുമോ അതോ പുറത്തെടുക്കുമോ എന്ന് ചീഫ് ജസ്‌റ്റിസ് ഖന്ന ചോദിച്ചു. "അവർ ഇവിഎമ്മുകളും സംരക്ഷിക്കണം, പേപ്പർ ട്രയൽ അവിടെ ഉണ്ടായിരിക്കണം," പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ഹർജിയിൽ അടുത്ത 15 ദിവസത്തിനകം പ്രതികരണം അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
ഡാറ്റകൾ ഇല്ലാതാക്കരുതെന്ന് മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം ഇവിഎം മെമ്മറിയും മൈക്രോ കൺട്രോളറും നശിപ്പിക്കുന്ന നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. തോറ്റ സ്ഥാനാർത്ഥിക്ക് വ്യക്തത വേണമെങ്കിൽ, കൃത്രിമം നടന്നിട്ടില്ലെന്ന് എഞ്ചിനീയർക്ക് വ്യക്തത നൽകാമെന്നും കോടതി അറിയിച്ചു.












Click it and Unblock the Notifications