വിദ്യാസാഗര്‍ പ്രതിമ നിര്‍മിക്കാന്‍ ബിജെപിയുടെ പണം വേണ്ടെന്ന് മമത, ബംഗാളിന് അറിയാം
കൊല്‍ക്കത്ത: അമിത് ഷായുടെ റോഡ് ഷോക്കിടെയുണ്ടായ അക്രമങ്ങള്‍ക്കിടെ തകര്‍ക്കപ്പെട്ട വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മിക്കാന്‍ ബംഗാളില്‍ പണമുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിമ ബിജെപി പുനര്‍നിര്‍മിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മമത. എന്തിനാണ് ബിജെപിയുടെ പണം. ബംഗാളില്‍ ആവശ്യത്തിന് പണമുണ്ട്. ബിജെപിയുടെ പണം ആവശ്യമില്ല. പ്രതിമ തകര്‍ക്കല്‍ ബിജെപിയുടെ ശീലമാണ്. ത്രിപുരയിലും അവര്‍ അത് ചെയ്തിട്ടുണ്ട്. ബംഗാളിന്റെ 200 വര്‍ഷത്തെ പൈതൃകമാണ് ബിജെപി തകര്‍ത്തത്. അത്തരത്തിലുള്ള പാര്‍ട്ടിയെ ജനങ്ങള്‍ തള്ളിക്കളയുമെന്നും മമത പറഞ്ഞു.

19ാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍. ഇദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തത് ബംഗാളില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ബിജെപി തിരിച്ചും ആരോപണം ഉന്നയിക്കുന്നു.
തൃണമൂല്‍ പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് നരേന്ദ്ര മോദി ആരോപിച്ചു. പ്രതിമ പുനസ്ഥാപിക്കാന്‍ തയ്യാറാണ്. അതേ സ്ഥലത്ത് പ്രതിമ സ്ഥാപിക്കുമെന്നും മോദി യുപിയിലെ മാവുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചു. മോദി പതിവ് നുണയനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയന്‍ തിരിച്ചടിച്ചു.
മമതയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. മമതാ ബാനര്‍ജിയെ ബിജെപി വേട്ടയാടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. ഭരണ പരാജയം മറച്ചുവെക്കാന്‍ പുതിയ വിഷയങ്ങള്‍ ബിജെപി ഉണ്ടാക്കുകയാണെന്നും അവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ സുതാര്യമായ വോട്ടെടുപ്പല്ല നടക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കേന്ദ്രം സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഇതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നു. ബിജെപിയുടെ ഗൂഢാലോചനയാണ് നടപ്പാകുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.












Click it and Unblock the Notifications