അദാനി എന്റർപ്രൈസസിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; വിലക്കി ഡൽഹി കോടതി
അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എ.ഇ.എൽ) വ്യാജവും അപകീർത്തികരവുമായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ഡൽഹി കോടതി ഉത്തരവ്. മാധ്യമപ്രവർത്തകരോടും വിദേശ എൻജിഒകളോടും സ്ഥാപനത്തിനെതിരായ അപകീർത്തികരമായ വിവരങ്ങൾ ലേഖനങ്ങളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിൽ നിന്നും നീക്കം ചെയ്യാനും കോടതി നിർദേശിച്ചു. കമ്പനി നൽകിയ ഹർജിയിലാണ് ഡൽഹി കോടതിയുടെ ഇടക്കാല വിധി.
ജഡ്ജി അനുജ് കുമാർ സിംഗ് ആണ് ഹർജി പരിഗണിച്ചത്. . paranjoy.in, adaniwatch.org, adanifiles.com.au എന്നീ വെബ്സൈറ്റുകളിലെ പ്രസിദ്ധീകരണങ്ങൾ, അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ, വീഡിയോകൾ എന്നിവയിലൂടെ തങ്ങളുടെ ബിസിനസ് ഗ്രൂപ്പിന്റെ സൽപ്പേരിന് കളങ്കം വരുത്താനും ആഗോള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും ശ്രമിച്ചുവെന്നാണ് ഹർജിയിൽ ഗ്രൂപ്പ് ആരോപിച്ചത്.

പരൻജോയ് ഗുഹ താക്കൂർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, അയാസ്കാന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗൺ ഫൗണ്ടേഷൻ, ഡ്രീംസ്കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഇൻസ്ട്ര എന്ന പേരിൽ പ്രവർത്തിക്കുന്ന ഡൊമൈൻ ഡയറക്ടർസ് പ്രൈവറ്റ് ലിമിറ്റഡ്, ജോൺ ഡോ പേഴ്‌സൺസ് എന്നിവർക്കെതിരെയാണ് പരാതി.
വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുകയോ സൈബർ ആക്രമണങ്ങൾ നടത്തുകയോ ചെയ്യുന്നത് പ്രശസ്തിക്ക് കളങ്കം വരുത്താനും മാധ്യമവിചാരണയ്ക്ക് ഇടയാക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നും ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് ഹരജിക്കാരന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. അതിനാൽ ഈ കേസിൽ ഹരജിക്കാരന്റെ ഭാഗത്ത് ന്യായമുണ്ടെന്നും കോടതി പറഞ്ഞു.
അതുകൊണ്ട് തന്നെ സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവും പ്രത്യക്ഷത്തിൽ അപകീർത്തികരവുമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനോ വിതരണം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
തെറ്റായതും സ്ഥിരീകരിക്കാത്തതും അപകീർത്തികരവുമായ ലേഖനങ്ങളും പോസ്റ്റുകളും അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഒക്ടോബർ 9ലേക്ക് മാറ്റി.












Click it and Unblock the Notifications