ദുഷ്യന്തിന്റെ രാജിക്കത്ത് എന്റെ പോക്കറ്റില്‍, എപ്പോള്‍ വേണമെങ്കിലും നല്‍കുമെന്ന് അജയ് ചൗത്താല!!
ഛണ്ഡീഗഡ്: കര്‍ഷക പ്രക്ഷോഭം അലയടിക്കുന്ന ഹരിയാനയില്‍ ബിജെപിയെ ഞെട്ടിച്ച് അജയ് ചൗത്താല. ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗത്താലയുടെ രാജിക്കത്ത് തന്റെ പോക്കറ്റിലുണ്ട് അജയ് ചൗത്താല പറയുന്നു. ദുഷ്യന്തിന്റെ പിതാവാണ് അജയ്. കര്‍ഷക സമരം ശക്തമായിട്ടും രാജിവെക്കാന്‍ ദുഷ്യന്ത് തയ്യാറായിരുന്നില്ല. നിരവധി പേര്‍ ഹരിയാനയില്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് രാജിവെച്ചിരുന്നു. ഇതിനിടെയാണ് രാജിക്കത്ത് തന്റെ കൈവശമുണ്ടെന്ന് അജയ് അവകാശപ്പെടുന്നത്. കര്‍ഷക പ്രശ്‌നം അവസാനിക്കുമെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ആ രാജിക്കത്ത് നല്‍കുമെന്ന് അജയ് ചൗത്താല പറഞ്ഞു.

ദുഷ്യന്ത് രാജിവെച്ചാല്‍ ആ നിമിഷം ഹരിയാനയിലെ സര്‍ക്കാര്‍ വീഴും. ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപി ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കിയത്. കര്‍ഷക സമരത്തെ തള്ളിപ്പറഞ്ഞും, കാര്‍ഷിക നിയമം പിന്‍വലിക്കാതെയും ബിജെപി നടത്തുന്ന നീക്കങ്ങള്‍ കര്‍ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ജെജെപിയാണെങ്കില്‍ കര്‍ഷകരുടെ വോട്ട് വാങ്ങി വിജയിച്ച പാര്‍ട്ടിയാണ്. ദുഷ്യന്തിന്റെ രാജിയെ കുറിച്ച് പറയുകയാണെങ്കില്‍, അത് എന്റെ പോക്കറ്റിലാണ്. എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍, എനിക്ക് ഉടനടി അത് നല്‍കാന്‍ സാധിക്കുമെന്നും അജയ് ചൗത്താല മുന്നറിയിപ്പ് നല്‍കി.
ഒന്നുകില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കണം. അല്ലെങ്കില്‍ നിയമങ്ങള്‍ അംഗീകരിച്ച ഹരിയാനയില്‍ നിന്നുള്ള പത്ത് എംപിമാരും അഞ്ച് രാജ്യസഭാ എംപിമാരും രാജിവെക്കണം. ദുഷ്യന്തിന്റെ രാജിയോ മറ്റേതെങ്കിലും മന്ത്രിയുടെ രാജിയോ ആവശ്യപ്പെട്ടാല്‍, അത് എന്തെങ്കില്‍ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കില്‍ ഒരു മിനുട്ട് പോലും എടുക്കില്ല. അത് നല്‍കിയിരിക്കും. അക്കാര്യം മുമ്പ് തന്നെ താന്‍ പറഞ്ഞതാണെന്നും അജയ് ചൗത്താല പറഞ്ഞു. അഭയ് ചൗത്താലയുടെ രാജി കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? ഒന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദുഷ്യന്തിന്റെ രാജിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ട. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും അജയ് ചൗത്താല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം
ഹരിയാനയില്‍ ബജറ്റ് സെഷന്‍ തുടങ്ങാനിരിക്കെയാണ് ജെജെപിയില്‍ നിന്ന് ഇത്തരമൊരു പ്രതികരണം വന്നിരിക്കുന്നത്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വലിയ സമ്മര്‍ദം ജെജെപി നേരിടുന്നുണ്ട്. എന്നാല്‍ സമരം നടത്തണ്ടേ എന്ന മാനസികാവസ്ഥയില്‍ നിന്ന് സമരം ചെയ്യുന്നവരാണ് ഇപ്പോഴുള്ളതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. അജയ് ചൗത്താലയുടെ സഹോദരനും ഐഎന്‍എല്‍ഡി നേതാവുമായ അഭയ് സിംഗ് ചൗത്താല രാജിവെച്ചതാണ് ജെജെപിയെ പ്രതിരോധത്തിലാക്കിയത്. നിലവില്‍ ജെജെപിയുടെയും ബിജെപിയുടെയും നേതാക്കളെ പുറത്തിറങ്ങാന്‍ പോലും കര്‍ഷകര്‍ അനുവദിക്കുന്നില്ല.












Click it and Unblock the Notifications