ഇഡി ഇതുവരെ കേസെടുത്തത് 193 പേർക്കെതിരെ , 2 പേർ ശിക്ഷിക്കപ്പെട്ടു; കേന്ദ്രസർക്കാർ പാർലമെന്റിൽ
കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ 193 രാഷ്ട്രീയ നേതാക്കൾക്കെതിരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തതെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ. മുൻ ജനപ്രതിനിധികളും നിലവിലെ ജനപ്രതികളും അടക്കമുള്ളവർ ഇക്കൂട്ടത്തിൽ പെടും. ഇതിൽ രണ്ട് നേതാക്കൾക്ക് ശിക്ഷ ലഭിച്ചതായും സർക്കാർ പാർലമെന്റിൽ അറിയിച്ചു.
നിലവിലുള്ളതും മുൻ എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയക്കാർക്കെതിരെയും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള ആളുകൾക്കെതിരേയുമാണ് കേസ് എടുത്തത. രാജ്യത്താകെയുള്ള കണക്കുകളാണിത്. സംസ്ഥാനതലത്തിലുള്ള കണക്കുകൾ തയ്യാറാക്കിയിട്ടില്ല,ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

2016-17 സാമ്പത്തിക വർഷത്തിലും 2019-20 സാമ്പത്തിക വർഷത്തിലും നടന്ന രണ്ട് കേസുകളിലാണ് നേതാക്കൾ ശിക്ഷിക്കപ്പെട്ടത്. ഇവർ കുറ്റവിമുക്തരായിട്ടില്ല, മന്ത്രി അറിയിച്ചു. അതേസമയം ശിക്ഷിക്കപ്പെട്ട നേതാക്കളുടെ പേരുകളോ അവർ ഉൾപ്പെട്ട കേസുകളോ പ്രതിപാദിക്കാൻ മന്ത്രി തയ്യാറായില്ല.
മുൻ ജാർഖണ്ഡ് മന്ത്രി ഹരിനാരായണനാണ് ഇഡി കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾ. 2017-ൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഏഴ് വർഷം 5 വർഷത്തെ തടവുമാണ് റായ്ക്ക് ലഭിച്ചത്. 2020-ൽ സംസ്ഥാനത്തെ മറ്റൊരു മുൻ മന്ത്രിയായ അനോഷ് എക്കയും ശിക്ഷിക്കപ്പെട്ടു. ഏഴ് വർഷം കഠിനതടവും 2 കോടി രൂപ പിഴയുമാണ് എക്കയ്ക്കെതിരെ ചുമത്തിയത്.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇരുവർക്കെതിരേയും ഇഡി അന്വേഷണം നടത്തിയത്. റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ഇവർക്കെതിരെ ശിക്ഷവിധിച്ചത്. അതേസമയം വിധിക്കെതിരെ ഇവർ അപ്പീൽ നൽകിയിട്ടുണ്ടോയെന്നത് വ്യക്തമല്ല.
അതേസമയം 2022-23 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി കേസ് എടുത്തിട്ടുള്ളതെന്നാണ് റെക്കോഡുകൾ സൂചിപ്പിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)പ്രകാരവും പിഎംഎൽഎ, ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡേഴ്സ് ആക്ട് (എഫ്ഇഒഎ) എന്നീ രണ്ട് ക്രിമിനൽ നിയമങ്ങൾ പ്രകാരവുമാണ് ഇഡി അന്വേഷണം നടത്തുക.വിശ്വസനീയമായ തെളിവുകളുടെയും വസ്തുക്കളുടെയും അടിസ്ഥാനത്തിലാണ് ഇഡി കേസുകൾ അന്വേഷിക്കുകയെന്നും രാഷ്ട്രീയ ബന്ധങ്ങൾ, മതം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഘടകങ്ങൾ കേസ് അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇഡി, സി ബി ഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി കേന്ദ്രസർക്കാർ ഉപയോഗിക്കുകയെന്ന ആക്ഷേപം ശക്തമാണ്. പ്രതിപക്ഷ നേതാക്കളെ വരുതിയിലാക്കാൻ ബി ജെ പി പ്രയോഗിക്കുന്ന ആയുധങ്ങളായി കേന്ദ്ര ഏജൻസികൾ മാറിയെന്ന് നേരത്തേ തന്നെ വിവിധ പാർട്ടികൾ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications