തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് കുരുക്ക്; രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മക്കള്‍ക്ക് നോട്ടീസ്
ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുകയും വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയും ചെയ്യവെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന് കുരുക്ക് മുറുകുന്നു. ഗോവിന്ദ് സിങ് ദൊതസ്രയുടെ രണ്ട് മക്കള്‍ക്ക് ഇഡി നോട്ടീസ് അയച്ചു. ഡല്‍ഹിയിലെത്തി ചോദ്യം ചെയ്യലിന് വിധേയമാകണം എന്നാണ് നോട്ടീസ്.
ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കേസിലാണ് ഇഡിയുടെ നടപടി. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇഡിയുടെ നീക്കം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇഡി ഉദ്യോഗസ്ഥരെ റെയ്ഡ് നടത്താന്‍ ദൊതസ്ര കഴിഞ്ഞാഴ്ച സ്വാഗതം ചെയ്തിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്റെ മൂത്തമകന്‍ അഭിലാഷ് ദൊതസ്ര നവംബര്‍ ഏഴിനും ഇളയ മകന്‍ അവിനാശ് ദൊതസ്ര നവംബര്‍ എട്ടിനും ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണം എന്നാണ് നോട്ടീസിലുള്ളത്. അതേസമയം, രണ്ടുപേരെയും ഒമ്പതിന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും ഇഡിക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവിനാശ് രാജസ്ഥാന്‍ അക്കൗണ്ട്‌സ് സര്‍വീസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യഗസ്ഥര്‍ ജയ്പൂരിലെയും സിക്കാറിലെയും ദൊതസ്രയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ദൗസ ജില്ലയിലെ മഹുവ മണ്ഡലത്തിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഓം പ്രകാശ് ഹുദ്‌ലയുടെ വീട്ടിലും ഇഡി പരിശോധനയ്ക്ക് എത്തി. കൂടാതെ മറ്റുചില സ്ഥലങ്ങളിലും ഒരേ സമയം റെയ്ഡ് നടന്നു.
രാജസ്ഥാന്‍ പിഎസ്‌സി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ അധ്യാപക പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നാണ് ആരോപണം. രാജസ്ഥാന്‍ പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ഇഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വലിയ അഴിമതിയും കള്ളപ്പണ ഇടപാടും നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഇടപൈട്ടത്. പിന്നീട് പല തവണ റെയ്ഡുകള്‍ നടത്തിയിരുന്നു.
ഇഡി ഏത് സമയവും തന്റെ വീടുകളിലുത്തുമെന്ന് ദോതസ്ര ഇടയ്ക്കിടെ ആവര്‍ത്തിക്കുമായിരുന്നു. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ ചോദ്യം ചെയ്തില്ലെന്നും വീട്ടില്‍ നിന്ന് ഒന്നും കണ്ടെടുത്തില്ലെന്നും പരിശോധനയ്ക്ക് ശേഷം ദൊതസ്ര പ്രതികരിക്കുകയും ചെയ്തു. മക്കളുടെ ഫോണുകളും പെന്‍ഡ്രൈവും കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവിനെ കഴിഞ്ഞ ദിവസം ഇഡി ഡല്‍ഹി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. വിദേശത്ത് നിന്ന് നിയമവിരുദ്ധമായി പണം സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തത്. അതിനിടെ, രാജസ്ഥാനില്‍ ഇന്ന് രണ്ട് ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കൈകൂലി ചോദിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.












Click it and Unblock the Notifications