ജമ്മു കശ്മീരിൽ ബിജെപി തകർക്കുമോ: നേതാക്കള്‍ക്ക് പുറമെ ബിജെപിയില്‍ ലയിച്ച് മറ്റൊരു പാർട്ടി
ജമ്മു: ജമ്മു കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിന് മുന്നോടിയായി ബി ജെ പിയില്‍ ലയിച്ച് ഏകം സനാതൻ ഭാരത് ദള്‍. അഭിഭാഷകനായ അങ്കുർ ശർമ്മ നയിക്കുന്ന ഏകം സനാതൻ ഭാരത് ദള്‍ കഴിഞ്ഞ ദിവസമാണ് ബി ജെ പിയില്‍ ലയിക്കുന്നതായി പ്രഖ്യാപിച്ചത്. ശർമ്മയേയും ഏകം സനാതൻ ഭാരത് ദളിലെ മറ്റ് അംഗങ്ങളേയും ബി ജെ പി സംസ്ഥാന നേതൃത്വം പ്രത്യേക പരിപാടിയുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
കേന്ദ്രമന്ത്രിയും ജമ്മു കശ്മീരിൻ്റെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുമുള്ള ജി കിഷൻ റെഡ്ഡി, ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയും ജമ്മു കശ്മീരിന്റെ ചുമതലയുള്ള തരുൺ ചുഗ്, പാർട്ടി വർക്കിംഗ് പ്രസിഡൻ്റ് സത് ശർമ എന്നിവർ ചേർന്നാണ് പുതുതായി വന്നവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ബിജെപി കുടുംബം അനുദിനം വളരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസൗഹൃദ നയങ്ങൾ മൂലമാണ് ഇതെല്ലാം സാധ്യമാകുന്നതും റെഡ്ഡി പറഞ്ഞു. ഏകം സനാതൻ ഭാരത് ദൾ ബിജെപിയിൽ ലയിക്കുന്നത് ജമ്മു കശ്മീരിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നയങ്ങളിൽ നിന്നും പരിപാടികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ബി ജെ പിയിൽ ചേർന്നതെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് ശർമ്മ വ്യക്തമാക്കി. രാഷ്ട്രതാൽപ്പര്യം മുൻനിർത്തി രാജ്യസ്‌നേഹികൾക്കൊപ്പം നിൽക്കുകയാണെന്നും വിഘടനവാദത്തിൻ്റെ നട്ടെല്ല് തകർത്ത് രാജ്യത്തെ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ ഏറ്റവും മഹത്തായ പാർട്ടിയായ ബി ജെ പിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ഗൗരവ് മഹാജനും വ്യാഴാഴ്ച തൻ്റെ അനുയായികൾക്കൊപ്പം ബി ജെ പിയിൽ ചേർന്നിരുന്നു.
പ്രധാനമന്ത്രി മോദിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിലും രാഷ്ട്രത്തോടുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിലുമുള്ള മതിപ്പാണ് തന്നെ ബി ജെ പയിലേക്ക് ആകർഷിച്ചതെന്ന് മഹാജൻ പറഞ്ഞു.
മുൻ കോർപ്പറേറ്ററും യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുമായ ബൽവന്ത് ബല്ലു, പി ഡി പി ജില്ലാ പ്രസിഡന്റ് ദപീന്ദർ സിംഗ് റോമി എന്നിവരും കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേർന്നിരുന്നു. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ ജമ്മു കശ്മീർ ബി ജെ പി വർക്കിംഗ് പ്രസിഡൻ്റ് സത് ശർമ്മയും ഡെപ്യൂട്ടി ഇൻചാർജ് ആശിഷ് സൂദും ചേർന്ന് അംഗത്വം നല്‍കി സ്വീകരിച്ചു.
പുതിയ അംഗങ്ങളുടെ കടന്നുവരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കള്‍ക്ക് സ്വീകരണം നല്‍കികൊണ്ട് ശർമ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നു, അവർ ബി ജെ പിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications