വോട്ടര്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കും; തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി
ദില്ലി: തിരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ വാക്കൗട്ടിന് പിന്നാലെയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. വോട്ടര്‍പട്ടിക വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ബില്ലിന് തിങ്കളാഴ്ച ലോക്സഭ അംഗീകാരം നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് 'തിരഞ്ഞെടുപ്പ് പരിഷ്‌കരണ' ബില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. വ്യാജ വോട്ടര്‍മാരുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.
കള്ള വോട്ടമാരെ തടയുന്നതിനുള്ള സംവിധാനം നേരത്തെ ഉണ്ടായിരുന്നില്ല. വ്യാജ വോട്ടര്‍മാരെ ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ ബില്ലിനെ എതിര്‍ക്കൂ. ഒരാള്‍ യഥാര്‍ത്ഥ വോട്ടറാണെങ്കില്‍, ബില്ലിനെ എതിര്‍ക്കേണ്ടതില്ല. വിപ്ലവകരമായ ഈ ബില്ലിനെ സഭയിലെ എല്ലാ അംഗങ്ങളും പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്ന് മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച, ചില പ്രതിപക്ഷ അംഗങ്ങള്‍ തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ പാര്‍ലമെന്ററി പാനലിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിന്റെ ഭാഗമായുള്ള വിവിധ നിര്‍ദേശങ്ങള്‍ നിയമ-പേഴ്സണല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതിനകം നിര്‍ദ്ദേശിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് റിജിജു പറഞ്ഞിരുന്നു.

വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്ന ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയില്‍ ലോക്സഭ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍, 2021 പാസാക്കിയത്. വോട്ടര്‍പട്ടികയെ ആധാര്‍ ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കാനാണ് ബില്‍ ശ്രമിക്കുന്നത്. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ബിസ്‌നസ് ഉപദേശക സമിതിയുടെ ഭാഗമാകാതെ തിരഞ്ഞെടുപ്പ് ബില്ലിന് സമയം അനുവദിക്കുന്നതിനെ എതിര്‍ത്തിരുന്നു. കൂടാതെ ആധാര്‍ തിരഞ്ഞെടുപ്പ് ഐഡിയുമായി ബന്ധിപ്പിച്ചാല്‍ പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനമാകുമെന്ന് പ്രതിപക്ഷം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. ഈ ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വോട്ടര്‍മാരുടെ പേരുകള്‍ ഇരട്ടിപ്പിക്കുന്ന സംഭവം ഇതോടെ ഇല്ലാതാവുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബ്രഹ്മ പറയുന്നു. എല്ലാ പേരുകളും തിരിച്ചറിയാന്‍ സാധിക്കും. 2012ല്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ ഈ നിര്‍ദേശം താന്‍ ആദ്യമായി നിര്‍ദേശിച്ചിരുന്നുവെന്ന് ബ്രഹ്മ വ്യക്തമാക്കുന്നു.












Click it and Unblock the Notifications