തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ; രാഹുലും പ്രിയങ്കയും എവിടെ? ത്രിപുരയിൽ സജീവമാകാതെ കോൺഗ്രസ് നേതാക്കൾ
തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്

ദില്ലി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമാകാതെ കോൺഗ്രസ് നേതാക്കൾ. ഇത്തവണ സി പി എമ്മും കോൺഗ്രസും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നേരിടുന്നത്. ഫെബ്രുവരി 16 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കുമ്പോഴും കോൺഗ്രസിന്റെ താരപ്രചാരകരായ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ എന്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോ പോലും തിരഞ്ഞെടുപ്പ് ചിത്രത്തിൽ എവിടേയും ഇല്ലെന്നാണ് ആക്ഷേപം.
തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. നേരത്തേ 20 ഓളം സീറ്റുകൾ സഖ്യത്തിൽ തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസ് കരുതിരുന്നു. എന്നാൽ സീറ്റുകൾ കൂടുതൽ ലഭിച്ചില്ല. ഇത് കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം സി പി എമ്മിന് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി ഉൾപ്പെടെയുള്ളവർ എത്തിരുന്നു.
അതിനിടെ മറുവശത്ത് ബി ജെ പിയാകട്ടെ പ്രചരണം കൊഴുപ്പിക്കുകയാണ്. കേന്ദ്ര നേതാക്കൾ ഒന്നടങ്കം സംസ്ഥാനത്ത് പ്രചരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. മാത്രമല്ല വീടുകൾ കയറി ഇറങ്ങിയുള്ള പ്രചരണവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഭരണം കൈവിടാതിരിക്കാനുള്ള തന്ത്രങ്ങൾ ബി ജെ പി ഇവിടെ സജീവമാക്കുകയാണ്.
കോൺഗ്രസ്-സി പി എം സഖ്യത്തിനും ബി ജെ പിക്കും ഒരുപോലെ വെല്ലുവിളി തീർക്കുകയാണ് പ്രദ്യുത് ദേബ് ബർമ്മൻ നയിക്കുന്ന തിപ്ര മോത്ത. ആദിവാസി വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനം പാർട്ടിക്കുണ്ട്. മേഖലയിൽ 26 ഓളം സീറ്റുകളിൽ തിപ്ര വെല്ലുവിളിയായേക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ തിപ്രയെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസും സി പി എമ്മും ബി ജെ പിയും ശ്രമിച്ചിരുന്നു. എന്നാൽ തിപ്രലാന്റ് എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ യാതൊരു സഖ്യത്തിനും ഇല്ലെന്നതായിരുന്നു സംഘടനയുടെ നിലപാട്.
തിരഞ്ഞെടുപ്പിൽ 26 സീറ്റുകൾ വരെ നേടുമെന്നും കിംഗ് മേക്കറാകുമെന്നുമാണ് തിപ്ര അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ ആർക്കൊപ്പമായിരുന്നു പാർട്ടി ചേരുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിപ്രലാന്റ് എന്ന ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ ആരുമായും സഖ്യമുള്ളൂവെന്ന ഉറച്ച നിലപാടിലാണ് തിപ്ര.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തിന് 36 സീറ്റായിരുന്നു നേടിയത്. സി പി എം 16 സീറ്റിലേക്ക് ചുരുങ്ങി. 10 സീറ്റിൽ ജയിച്ചിരുന്ന കോൺഗ്രസിന് ഒന്നു പോലും കിട്ടിയില്ല.












Click it and Unblock the Notifications