'ഇലക്ട്രൽ ബോണ്ടുകൾ കൊണ്ടുവന്നത് രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാൻ'; സുപ്രീം കോടതി നടപടിയിൽ അമിത് ഷാ
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുകൾക്ക് എതിരായ സുപ്രീം കോടതി നടപടിയിൽ പ്രതികരിച്ച് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. കോടതി വിധിയെ പൂർണമായും മാനിക്കുന്നുവെന്നും, എന്നാൽ ഇലക്ട്രൽ ബോണ്ടുകൾ കൊണ്ട് വന്നത് രാഷ്ട്രീയത്തിലെ കള്ളപ്പണം തടയാനാണെന്നും, പൂർണമായും അവ ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും അമിത് ഷാ ന്യായീകരിച്ചു. കഴിഞ്ഞ ദിവസം ഇലക്ട്രൽ ബോണ്ട് കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന.
ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് അമിത് ഷാ ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഇന്ത്യൻ രാഷ്ട്രീയത്തിൽ കള്ളപ്പണത്തിന്റെ സ്വാധീനം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രൽ ബോണ്ടുകൾ അവതരിപ്പിച്ചത്. സുപ്രീം കോടതി വിധി നാമെല്ലാം അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ, എനിക്ക് തോനുന്നത് അവ പൂർണമായും ഒഴിവാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടത്' ഷാ തന്റെ നിലപാട് വ്യക്തമാക്കി.

വിഷയത്തിൽ കോൺഗ്രസിനെ അമിത് ഷാ കടുത്ത ഭാഷയിൽ വിമർശിച്ചു. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ സംഭാവനയായി പണം സ്വീകരിക്കാറുണ്ടെന്നും 1100 രൂപ സംഭാവനയായി ലഭിച്ചാൽ അതിൽ 100 രൂപ പാർട്ടി അക്കൗണ്ടിലേക്കും ശേഷിക്കുന്ന തുകയായ 1000 രൂപ നേതാക്കളുടെ കീശയിലേക്കുമാണ് പോയിരുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. വർഷങ്ങളായി കോൺഗ്രസ് ഈ രീതി തന്നെയാണ് പിന്തുടരുന്നതെന്നും ഷാ തുറന്നടിച്ചു.
ഇലക്ട്രൽ ബോണ്ടുകൾ കൊണ്ട് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ബിജെപി ആണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയോടും മന്ത്രി പ്രതികരിച്ചു. പുറത്തുവന്ന കണക്കുകളിലെ 20000 കോടിയിൽ വെറും 6000 കോടി മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ബാക്കിയുള്ള 14000 കോടി പങ്കിട്ടത് മറ്റ് പാർട്ടികളാണ്. ലോക്‌സഭയിൽ 300ലധികം എംപിമാർ ഉള്ള ബിജെപിക്ക് 6000 കൊടിയും ശേഷിക്കുന്ന 242 എംപിമാർ ഉള്ള പാർട്ടികൾ വാങ്ങിയത് 14000 കോടിയുമാണെന്ന് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ചും അമിത് ഷാ പരാമർശിച്ചു. പല തവണയായി തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ വലിയ തുകകളാണ് രാജ്യത്ത് ചെലവഴിക്കപ്പെടുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
അതേസമയം, ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട സംഭവത്തിൽ ശക്തമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇത് റദ്ദാക്കിയിരുന്നു. ഇതിന് ശേഷം വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ എസ്‌ബിഐക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം എസ്ബിഐ നൽകിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുകയായിരുന്നു.












Click it and Unblock the Notifications