ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം
ജമ്മു കാശ്മീരിലെ ബാരമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ബാരമുള്ളയിലെ പട്ടാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ സൈന്യം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മുതൽ പട്ടാനിലെ ചക് താപ്പർ ഗ്രാമത്തിൽ സൈന്യവും അർധസൈനിക വിഭാഗവും പോലീസും സംയുക്തമായി തിരച്ചിൽ നടത്തി വരികയായിരുന്നു. പ്രദേശത്തെ സ്കൂളിനുള്ളിലായിരുന്നു ഭീകരർ ഒളിച്ചിരുന്നത്. സൈന്യം ഇവിടെ എത്തിയതോടെ ഭീകരർ വെടിയുതിർത്തു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. ഒരാൾ ഇന്നലെ രാത്രിയും രണ്ട് പേർ ഇന്ന് രാവിലെയുമാണ് കൊല്ലപ്പെട്ടതെന്നും സൈന്യം അറിയിച്ചു.

ജമ്മുവിലെ കിഷ്ത്വാർ ജില്ലയിൽ സമാനമായ വെടിവയ്പുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് പട്ടാനിലും വെടിവെപ്പ് നടന്നത്. കിത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിപൻ കുമാർ, അർവിന്ദ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്. മേഖലയിൽ ഇപ്പോഴും ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കിഷ്ത്വാരയിലെ നൈദ്ഗ്രാം ഗ്രാമത്തിലെ പിംഗ്നൽ ദുഗദ്ദ എന്ന ഗ്രാമത്തിവാണ് ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും തിരച്ചിൽ നടത്തുന്നതിനിടെയാണ് സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തത്.ഏറ്റുമുട്ടൽ രാത്രിയോളം നീണ്ടിരുന്നു.
അതേസമയം താഴ്‌വരയിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോര ജില്ലകളിൽ ഒക്‌ടോബർ ഒന്നിനാണ് വോട്ടെടുപ്പ്. ചിനാബ് താഴ്‌വര മേഖലയിലെ ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലും ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 സീറ്റുകളിലേക്കുമാണ് ആദ്യ ഘട്ടമായ സപ്റ്റംബർ 18 ന് വോട്ടെടുപ്പ് നടക്കുക. ജമ്മു, കത്വ, സാംബ ജില്ലകളിൽ യഥാക്രമം സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിലാണ് വോട്ടെടുപ്പ്.
അതിനിടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ഇന്ന് പ്രധാനമന്ത്രി ജമ്മുവിൽ എത്തും. ദോഡ ജില്ലയിലാണ് മോദി പ്രചരണം നടത്തുക. 42 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇവിടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയതായി സൈന്യം അറിയിച്ചു.












Click it and Unblock the Notifications