വ്യാജ വാർത്ത: മാധ്യമസ്ഥാപനം ആദ്യ പേജിലൂടെ ഖേദ പ്രകടനം നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ ഹിന്ദി മാധ്യമമായ ദൈനിക് ഭാസ്‌കറിനെതിരെ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ തമിഴ്നാട്ടില്‍ ആക്രമണം നടക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തില്‍ മീഡിയ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ആദ്യ പേജിലോ ഹോം പേജിലോ ഖേദപ്രകടനം നടത്തണമെന്നാണ് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാജവാർത്താ ആരോപണത്തില്‍ ദൈനിക് ഭാസ്‌കറിന്റെ ഡിജിറ്റൽ ഡിവിഷനിലെ ന്യൂസ് എഡിറ്റർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഖേദപ്രകടനം നടത്തണമെന്ന നിർദേശം ഹൈക്കോടതി മുന്നോട്ട് വെച്ചത്. സ്ഥാപനം നല്‍കിയ വാർത്ത വ്യാജമാണെന്നും വസ്തുത പരിശോധിക്കാതെയാണ് പ്രസിദ്ധീകരിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.

പത്രത്തിന്റെ ഡിജിറ്റൽ ഡിവിഷൻ എഡിറ്റർ പ്രസൂൺ മിശ്ര നൽകിയ മുന്‍കൂർ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവെന്നാണ് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വ്യാജവാർത്തകളും സംബന്ധിച്ചായിരുന്നു പ്രസൂൺ മിശ്രയ്ക്കെതിരായ പരാതി.
ആക്രമണങ്ങളൊന്നും നടന്നില്ലെങ്കിലും വാർത്ത കുടിയേറ്റക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും പലരും നാട്ടിലേക്ക് മടങ്ങുന്നതിന് ഇടയാക്കുകയും ചെയ്തു. ഇതേതടുർന്ന് തമിഴ്‌നാട്ടിലെ പൊതുസമാധാനം തകർക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത്തരത്തിലാണ് മാധ്യമ സ്ഥാപനത്തിനെതിരേയും കേസെടുത്തത്.
ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പൂർ നോർത്ത് പൊലീസ് സ്റ്റേഷനും തിരുനിന്ദ്രാവൂർ പൊലീസ് സ്റ്റേഷനുമായിരുന്നു ദൈനിക് ഭാസ്‌കറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.












Click it and Unblock the Notifications