കാലാവധി കഴിഞ്ഞ വാക്‌സിനുകൾ നൽകുന്നുവെന്നത് വ്യാജ വാർത്ത: വിശദീകരണവുമായി കേന്ദ്രം
ദില്ലി: കാലഹരണപ്പെട്ട വാക്‌സിനുകൾ ഇന്ത്യയിൽ നൽകുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്താലയം. 'കൊവിഡ്-19 നെതിരായ ദേശീയ വാക്സിനേഷൻ പരിപാടിക്ക് കീഴിൽ ഇന്ത്യയിൽ കാലഹരണപ്പെട്ട വാക്സിനുകൾ നൽകുന്നുവെന്ന് ആരോപിച്ച് ചില മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും അപൂർണ്ണമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്'- കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനിയിലൂടെ അറിയിച്ചു.
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ അഭ്യർത്ഥന പ്രാകരം, 2021 ഒക്ടോബർ 25-ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO), കോവാക്സിന്റെ-ഉപയോഗ കാലാവധി 9 മാസത്തിൽ നിന്ന് 12 മാസമായി ദീർഖിപ്പിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. അതുപോലെ, കൊവിഷീൽഡിന്റെ ഉപയോഗ കാലാവധി 2021 ഫെബ്രുവരി 22-ന്, 6 മാസത്തിൽ നിന്ന് 9 മാസമായി ദീർഘിപ്പിച്ചിട്ടുണ്ട്. ഈ സത്യാവസ്ഥ നിലനില്‍ക്കെയാണ് ചിലർ വ്യാജ പ്രചരണം നടത്തുന്നത്.

വാക്സിൻ നിർമ്മാതാക്കൾ നൽകിയ സ്ഥിരത പഠന ഡാറ്റയുടെ സമഗ്രമായ വിശകലനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് വാക്സിനുകളുടെ ഉപയോഗ കാലാവധി നീട്ടിയിരിക്കുന്നതെന്നും അരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് കൌമാരക്കാർക്കുള്ള വാക്സിന്‍ വിതരണത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. വാകിനെടുത്ത 15-18 വയസ്സിനിടയിലുള്ള കുട്ടികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ മാതാപിതാക്കളെയും ട്വിറ്ററിലൂടെ മോദി അഭിനന്ദിച്ചിരുന്നു.
"ഇന്ന് നമ്മുടെ യുവാക്കളെ കോവിഡ്-19 നെതിരെ സംരക്ഷിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. വാക്സിനേഷൻ എടുത്ത 15-18 വയസ്സിനിടയിലുള്ള എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ. വരും ദിവസങ്ങളിൽ വാക്സിനേഷൻ എടുക്കാൻ കൂടുതൽ യുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു. !"- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റുകളും പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 146.70 കോടി (146,70,18,464) പിന്നിട്ടു. 1,57,38,732 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,007 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.13 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,379 പേര്‍ക്കാണ്. നിലവില്‍ 1,71,830 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.49 ശതമാനമാണ്.












Click it and Unblock the Notifications