ദില്ലി ചലോ മാർച്ച്; പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സംഘർഷം, കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി
ന്യൂഡൽഹി: മിനിമം താങ്ങുവില ഉറപ്പാക്കണം എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി കർഷക സംഘടനകൾ പ്രഖ്യാപിച്ച ദില്ലി ചലോ മാർച്ചിന് തുടക്കമായി. പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലുള്ള ശംഭു അതിര്‍ത്തിയില്‍ നിന്നാണ് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്‌തു. ശംഭു അതിർത്തിക്കടുത്തുള്ള ഭാഗത്ത് പ്രതിഷേധിച്ച കർഷകർ ബാരിക്കേഡുകൾ തകർക്കാൻ തുടങ്ങിയതോടെ പോലീസ് ഇടപെടുകയായിരുന്നു, ഇതിന് മറുപടിയായി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഹരിയാന പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ഒരു കൂട്ടം കർഷകർ പോലീസ് ബാരിക്കേഡുകൾ ഉയർത്തി പാലത്തിൽ നിന്ന് എറിയുകയായിരുന്നു.തുടർന്ന് ഹരിയാന പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ ബാരിക്കേഡുകൾ നീക്കാനുള്ള ശ്രമം തുടർന്നപ്പോൾ ഒന്നിലധികം റൗണ്ട് കണ്ണീർ വാതകം പോലീസ് പ്രയോഗിക്കുകയായിരുന്നു. കർഷകർ പ്രതിഷേധവുമായി ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്‌ടറുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട് ഡ്രോണുകൾ വഴി പ്രതിഷേധക്കാരുടെ നീക്കങ്ങൾ പോലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഹരിയാന ഭാഗത്ത് നിന്നുള്ള കർഷകരും ശംഭു അതിർത്തിയിലേക്ക് നീങ്ങാൻ തുടങ്ങിയിട്ടുണ്ട്.

അംബാല-ശംഭു, ഖനൗരി-ജിന്ദ്, ദബ്വാലി അതിർത്തികളിൽ നിന്ന് ഡൽഹിയിലേക്ക് പോകാനാണ് കർഷകരുടെ പദ്ധതി. നിരവധി കർഷകർ അവരുടെ ട്രാക്‌ടർ ട്രോളികളുമായി രാവിലെ 10 മണിക്ക് തന്നെ ഫത്തേഗഡ് സാഹിബിൽ നിന്ന് മാർച്ച് ആരംഭിച്ച് ശംഭു അതിർത്തി വഴി ഡൽഹിയിലേക്ക് നീങ്ങുന്നുണ്ട്. മറ്റൊരു സംഘം സംഗ്രൂരിലെ മെഹൽ കലനിൽ നിന്ന് ഖനൗരി അതിർത്തിയിലൂടെ ദേശീയ തലസ്ഥാനത്തേക്ക് നീങ്ങുകയാണ്.
മിനിമം താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്ക് എതിരായ എഫ്ഐആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സർക്കാരിനോട് മുന്നോട്ട് വെക്കുന്നത്. ഇന്നലെ അർധരാത്രി വരെ കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് സമരവുമായി മുന്നോട്ട് പോവാൻ തന്നെ കർഷക സംഘടനകൾ തീരുമാനിച്ചത്.
പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്‌ടറുകള്‍ മാര്‍ച്ചിനായി അണിനിരത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ പ്രതിഷേധം ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്.
സമരത്തെ നേരിടാന്‍ ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ 15 ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാൽ കർഷക സമരം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കനത്ത ഗതാഗത കുരുക്കിനാണ് കാരണമാവുന്നത്.
കർഷകർ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ പോലീസ് പരമാവധി സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന അതിർത്തികളിൽ പലയിടത്തും ജലപീരങ്കി ഉൾപ്പെടെയുള്ള കലാപ നിയന്ത്രണ വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. അതിർത്തി പോയിൻ്റുകളിൽ മൾട്ടി ലെയർ ബാരിക്കേഡുകൾ, കോൺക്രീറ്റ് ബ്ലോക്കുകൾ, ഇരുമ്പ് ആണികൾ, കണ്ടെയ്‌നർ മതിലുകൾ എന്നിവ ഉപയോഗിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ മോർച്ചയും ഉൾപ്പെടെ 200-ലധികം കർഷക യൂണിയനുകൾ ചൊവ്വാഴ്‌ച സംഘടിപ്പിക്കുന്ന മാർച്ചിൽ അണിനിരക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് രാജ്യ തലസ്ഥാനത്ത് വൻ സന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications