ബെംഗളൂരു: അവര്‍ ഞങ്ങളുടെ മകനെ കൊന്നു; ഡോക്‌റുടെ അനാസ്ഥയ്‌ക്കെതിരെ ആറുവയസുകാരന്റെ കുടുംബം
ബെംഗളൂരു: അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ആറ് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ കുടുംബം. ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലുള്ള അണ്ണയ്യ ഹെല്‍ത്ത് കെയര്‍ ആശുപത്രിയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിട്ടുള്ളത്. അനസ്‌തേഷ്യയ്ക്കുള്ള മരുന്ന് അമിത അളവില്‍ അകത്തുചെന്നതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ന്യൂസ് മിനുറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആറ് വയസ്സുകാരനായ സന്തോഷിന്റെ മൂക്കില്‍ മുഴയുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ കുട്ടിയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടി കോമയിലാവുകയായിരുന്നു. തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അനസ്‌തേഷ്യക്കുള്ള മരുന്ന് അമിത അളവില്‍ അകത്തുചെന്നതാണ് മരണകാരണമെന്ന് വ്യക്തമായത്.

ശസ്ത്രക്രിയ നിര്‍ദേശിച്ചു
മൂക്കില്‍ മുഴയുണ്ടായത് മൂലം ശ്വാസതടസ്സമനുഭവപ്പെട്ട ആറ് വയസ്സുകാരനെ രണ്ട് മാസം മുമ്പാണ് എച്ച്എസ്ആര്‍ ലേ ഔട്ടിലുള്ള അണ്ണയ്യ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയത്. ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നുകൊണ്ട് രോഗം ഭേദമാകാതെ വന്നതോടെ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഡോക്ടര്‍ കുട്ടിയ്ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

ശസ്ത്രക്രിയ നീണ്ടു
ശ്വാസതടസ്സമുണ്ടാക്കുന്ന മുഴ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയ ചെയ്യാന്‍ പണമില്ലാതിരുന്ന കുടുംബം ഒരാഴച കഴിഞ്ഞ് ശസ്ത്രക്രിയ നടത്താമെന്ന് അറിയിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച സുഹൃത്തുക്കളില്‍ നിന്ന് 40,000ഓളം രൂപ സംഘടിപ്പിച്ച് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ശസ്ത്രക്രിയ വിജയകരമോ!!
വ്യാഴാഴ്ച ഒമ്പതുമണിയ്ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലെത്തിച്ച കുട്ടിയില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നാല ് മണിക്കൂറിന് ശേഷം ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. 11.30നായിരുന്നു ശസ്ത്രക്രിയയ്ക്കായി കുട്ടിയെ ഓപ്പറേഷന്‍ തിയ്യറ്ററിലേയ്ക്ക് മാറ്റിയത്. 5.30ന് വാര്‍ഡിലേയ്ക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

കുട്ടിയെ കാണാന്‍ അനുവദിച്ചില്ല
എന്നാല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ബന്ധുക്കളെ ധരിച്ച ആശുപത്രി അധികൃതര്‍ ആറ് മണിയായിട്ടും കുട്ടിയെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ല. ഡോക്ടര്‍മാര്‍ എന്തോ മറച്ചുവയ്ക്കുന്നുണ്ടെന്ന് സംശയം തോന്നിയ ബന്ധുക്കള്‍ വിവരം എച്ച്എസ്ആര്‍ ലേ ഔട്ട് പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

സത്യം തെളിഞ്ഞു
പോലീസെത്തി ഡോക്ടര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും ബന്ധുക്കള്‍ അറിഞ്ഞത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കാന്‍ സ്‌ട്രെച്ചറോ മറ്റ് സൗകര്യങ്ങളൊന്നും നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ആംബുലന്‍സ് എത്തിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി മരിച്ചതായി സ്ഥിരീകരണം
രാത്രി 8.30ഓടെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ച കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞുങ്ങളില്ലാതിരുന്ന മഹേശ്വരി- നിത്യാനന്ദ ദമ്പതികള്‍ക്ക് ആറ് വര്‍ഷത്തിന് ശേഷം ജനിച്ച കുട്ടിയാണ് സന്തോഷ്.

ഡോക്ടര്‍ അറസ്റ്റില്‍
ഡോക്ടറുടെ അനാസ്ഥ മൂലം കുട്ടി മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ധന്‍രാജിനെയും മറ്റ് രണ്ട് അനസ്‌തേഷിസ്റ്റുമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സാപിഴവ് കേസെടുത്ത പോലീസ് വിഷയം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ ധരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications