വോട്ടെണ്ണലിന് മുൻപ് തന്നെ അഞ്ച് എംഎൽഎമാരെ നാമനിർദ്ദേശം ചെയ്‌തു; ജമ്മുവിൽ പ്രതിപക്ഷ പ്രതിഷേധം
ശ്രീനഗർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദിവസങ്ങൾ മാത്രം ശേഷിക്കെ അഞ്ച് എംഎൽഎമാരെ നാമനിർദ്ദേശം ചെയ്‌ത ലെഫ്. ഗവർണറുടെ നടപടിക്കെതിരെ ജമ്മു കാശ്‌മീരിൽ പ്രതിഷേധം ശക്തമാവുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ തീരുമാനത്തിന് എതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലെഫ്. ഗവർണറുടെ നടപടി ജനാധിപത്യത്തിന് കളങ്കം ഏൽപ്പിക്കുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഫലം വന്ന് പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുൻപ് തന്നെ അഞ്ച് പേരെ നാമനിർദ്ദേശം ചെയ്‌തത് ശരിയല്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമാണ് ഇതെന്നായിരുന്നു കോൺഗ്രസ് ആരോപണം. കൂടാതെ ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അവർ ജമ്മു കാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെടുകയും ചെയ്‌തു.

ഇത്തരമൊരു തീരുമാനം ഭരണഘടനയ്ക്ക് എതിരായ ആക്രമണം ആണെന്നും ജനവിധിക്ക് എതിരാവും ഈ നീക്കമെന്നും ജമ്മു കശ്‌മീർ പിസിസി രവീന്ദർ ശർമ്മ ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം മാത്രമാവണം ഈ നാമനിർദ്ദേശം നടക്കേണ്ടത് എന്ന് പറഞ്ഞ കോൺഗ്രസ് അല്ലാതെയുള്ള ഏതൊരു തീരുമാനവും ജനവിധിയെ വഞ്ചിക്കുന്നതിന് തുല്യമാകും എന്നാണ് പറഞ്ഞത്.
2019ലെ ജമ്മു കാശ്‌മീർ പുനഃസംഘടനാ നിയമം അനുസരിച്ചുള്ള ഭേദഗതിയിലൂടെയാണ് അഞ്ച് എംഎൽഎമാരെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ലെഫ്. ഗവർണർ കൈവന്നത്. ആഭ്യന്തര മന്ത്രാലയം നൽകുന്ന നിർദ്ദേശം അനുസരിച്ചാണ് ലെഫ്. ഗവർണറുടെ തീരുമാനം. എന്നാൽ ഈ വിഷയത്തിൽ വിട്ടുകൊടുക്കാൻ ആവില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇതോടെ ജമ്മുവിലെ നിയമസഭാ അംഗങ്ങളുടെ ആകെ എണ്ണം 95 ആയും, ഭൂരിപക്ഷം 48 ആയും മാറുമെന്നാണ് കരുതപ്പെടുന്നത്. പ്രധാനമായും തിരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പല്ലും നഖവും ഉപയോഗിച്ച് ഈ തീരുമാനത്തെ പ്രതിരോധിക്കുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്.
കാശ്‌മീരി പണ്ഡിറ്റുകൾക്കും പാക് അധീന ജമ്മു കാശ്‌മീരിൽ നിന്നുള്ള അഭയാർഥികൾക്കും ഉൾപ്പെടെ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ് ഈ അഞ്ച് പേരെ നാമനിർദ്ദേശം ചെയ്യേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന മന്ത്രിമാരുടെ കൗൺസിലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലെഫ്. ഗവർണർ പ്രവർത്തിക്കാവൂ എന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം, മൂന്ന് ഘട്ടങ്ങളിലായി നടന്ന ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഒക്ടോബർ എട്ടിനാണ് നടക്കുക. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലവും അന്ന് തന്നെ പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഈ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ അതിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications