പഞ്ചാബില്‍ കെജ്രിവാളിന് അടുത്ത പണി: മുതിർന്ന നേതാവ് പാർട്ടി വിട്ട് കോണ്‍ഗ്രസില്‍
ദില്ലി: പഞ്ചാബില്‍ ആംആദ്മി പാർട്ടിക്ക് വീണ്ടും ശക്തമായ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. മുതിർന്ന പാർട്ടി നേതാവും മുന്‍ എം എല്‍ എയുമായ നേതാവിനെ തങ്ങളുടെ പാളയത്തില്‍ എത്തിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ (എഎപി) ജെയ്തോ നിയമസഭാ മണ്ഡലത്തിലെ മുൻ എം എൽ എ മാസ്റ്റർ ബൽദേവ് സിംഗ് വെള്ളിയാഴ്ച ഭരണകക്ഷിയായ കോൺഗ്രസിൽ ചേരുകയായിരുന്നു. കഴിഞ്ഞ ദിവസം മാസ്റ്റർ ബൽദേവ് സിംഗ് എ എപി യിൽ നിന്ന് രാജിവെച്ചിരുന്നു. പാർട്ടി നേതൃത്വവും ബല്‍ദേവും തമ്മില്‍ അടുത്തിടെ അത്ര നല്ല ബന്ധമായിരുന്നില്ലെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

2021 ഒക്ടോബർ 26-ന് പഞ്ചാബ് അസംബ്ലി സ്പീക്കർ റാണ കെപി സിംഗ് മാസ്റ്റർ ബൽദേവിനെ അയോഗ്യനാക്കിയതെന്നാണ് ശ്രദ്ധേയം. ഇതിന് പിന്നാലെയാണ് റാണ കെപി സിംഗിന്റെ അതേ പാർട്ടിയായ കോണ്‍ഗ്രസിലേക്ക് വരാന്‍ ബല്‍ദേവ് സിങ് തീരുമാനിച്ചത്. അദ്ധ്യാപകനും രാഷ്ട്രീയക്കാരനുമായ മാസ്റ്റർ ബൽദേവ് സിംഗ് 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് എ എ പി ടിക്കറ്റിൽ ജയ്തോ നിയമസഭാ മണ്ഡലത്തിൽ നിന്ന് എം എൽ എയായി തിരഞ്ഞെടുക്കപ്പെടുന്നത്.
പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം

എഎപി നേതൃത്വം സുഖ്പാൽ സിംഗ് ഖൈറയെ വിധാൻസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി നീക്കിയതോടെ അദ്ദേഹം പാർട്ടിയില്‍ വിമത സ്വരം ഉയർത്താന്‍ തുടങ്ങിയിരുന്നു. രണ്ട് തവണ എംഎൽഎയായ ഖൈറയെ മാറ്റി ആദ്യമായി എംഎല്‍എയായ ഹർപാൽ സിംഗ് ചീമയെ നിയമിക്കാനുള്ള തീരുമാനം എ എ പി നേതൃത്വം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ആം ആദ്മി പാർട്ടി എം എൽ എ ആയിരിക്കുമ്പോള് തന്നെ മാസ്റ്റർ ബൽദേവ് ഖൈറയുടെ രൂപീകരിച്ച പഞ്ചാബ് ഏക്താ പാർട്ടിയിൽ ചേർന്നിരുന്നു. 2019ൽ ഫരീദ്‌കോട്ട് ലോക്‌സഭാ സീറ്റിൽ നിന്ന് പി ഇ പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇടക്കാലത്ത് അദ്ദേഹം വീണ്ടും ആം ആദ്മി പാർട്ടിയുമായി അടുത്തു.

മാസ്റ്റർ ബൽദേവിന്റെ നേതൃത്വത്തിലുള്ള പാർട്ടി അടുത്തിടെ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. ഇതോടെ ആം ആദ്മി പാർട്ടിക്ക് നിയമസഭയിലുണ്ടായിരുന്ന ഏഴ് എം എല്‍ എ മാരും കോണ്‍ഗ്രസിന്റെ പട്ടികയിലായി. സുഖ്പാൽ സിംഗ് ഖൈറ, പിർമൽ സിംഗ്, നാസർ സിംഗ് മാൻസാഹിയ, ജഗ്ദേവ് സിംഗ് കമാലു, രൂപീന്ദർ കൗർ റൂബി, ജഗ്ദേവ് സിംഗ് ജഗ്ഗ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേർന്നത്.

ഇതിന് പിന്നാലെയാണ് ബല്‍ദേവ് സിങും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. 2017-ൽ നടന്ന ആദ്യത്തെ സമ്പൂർണ്ണ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ, 117 അംഗ സഭയിൽ എഎപിക്ക് 20 എംഎൽഎമാരുണ്ടായിരുന്നു. ഭരണകക്ഷിയായ കോൺഗ്രസിന് ശേഷം രണ്ടാമത്തെ വലിയ കക്ഷിയായ അവർ മാറിയിരുന്നു. എന്നാല്‍ പിന്നീടുള്ള വർഷങ്ങളില്‍ അംഗങ്ങളുടെ കൂറുമാറ്റത്തോടെ ആം ആദ്മി അംഗബലത്തില്‍ വലിയ കുറവ് നേരിട്ടു.

നേരത്തെ, എഎപിയുടെ ദഖ എംഎൽഎയും മുൻ പ്രതിപക്ഷ നേതാവുമായ എച്ച്എസ് ഫൂൽക്ക 2019ൽ രാജിവച്ചിരുന്നു. അടുത്തിടെ, വിധാൻസഭാ സ്പീക്കർ റാണ കെപി സിംഗ് ഖൈറയുടെ രാജി സ്വീകരിക്കുകയും മാസ്റ്റർ ബൽദേവ് സിംഗ് ജയ്തോയെ അയോഗ്യനാക്കുകയും ചെയ്തു. ഇതോടെ സഭയിൽ എഎപിയുടെ അംഗബലം 17 ആയി കുറഞ്ഞു.

ശേഷിക്കുന്ന 17 അംഗങ്ങളിൽ, എഎപിയുടെ അഞ്ച് എംഎൽഎമാരായ പിർമൽ സിംഗ്, മാൻസാഹിയ, കമലു, റൂബി, ജഗ്ഗ എന്നിവർ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തതോടെ എഎപി എംഎൽഎമാരുടെ എണ്ണം 12 ആയി കുറഞ്ഞു. നേതാക്കള്‍ പാർട്ടി മാറുന്ന പ്രവണത പുതിയതല്ലെന്നായിരുന്നു അരവിന്ദ് കെജ്‌രിവാൾ എഎപിയിൽ നിന്നുള്ള കൂറുമാറ്റങ്ങളെക്കുറിച്ച് നേരത്തെ പ്രതികരിച്ചത്.
പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ


Click it and Unblock the Notifications