Exclusive:- കേന്ദ്ര നയം മാറില്ല; ബജറ്റില്‍ കേരളത്തിന് അർഹമായ പരിഗണന ഇത്തവണയും പ്രതീക്ഷിക്കുന്നില്ല: തോമസ് ഐസക്
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് (2024-25 സാമ്പത്തിക വർഷം) ഈ മാസം 23-ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ബജറ്റുകളിലെല്ലാം കേരളത്തെ സംബന്ധിച്ച് വലിയ നിരാശയായിരുന്നു ഫലമെങ്കിലും ഇത്തവണ അർഹമായ പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശൂരിലെ ബിജെപിയുടെ വിജയവും രണ്ട് കേന്ദ്ര മന്ത്രി പദവിയും കേരളത്തിന്റെ സാധ്യതകള്‍ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയിംസ് അടക്കമുള്ള പദ്ധതികള്‍ കേരള വികസനത്തിന് അത്യാവശ്യമാണെന്ന മുറവിളി കേന്ദ്രത്തിന് മുന്നില്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണ കേരളത്തിലെ എയിംസ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ചില രാജ്യങ്ങളിലേത് പോലെ മിനിമം നികുതി വ്യവസ്ഥ ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികൾക്കും നടപ്പാക്കുന്നതിനായുള്ള ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അത്തരത്തില്‍ കോർപ്പറേറ്റുകളെ ബാധിക്കുന്ന യാതൊരു പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് മുന്‍ കേരള ധനകാര്യ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.
കേന്ദ്ര നയം മാറില്ല
കേന്ദ്ര സർക്കാരും ധനകാര്യവകുപ്പ് മന്ത്രി എന്ന നിലയില്‍ നിർമ്മല സീതാരാമനും ഇതുവരെ തുടർന്ന നയങ്ങളില്‍ നിന്നുള്ള ഒരു അടിസ്ഥാന മാറ്റവും ഈ ബജറ്റിലും പ്രതീക്ഷിക്കേണ്ടതില്ല. മൂന്നാം മോദി സർക്കാറിന്റെ പൊതുവിലുള്ള സമീപനം, ബിസിനസ് അസ് യൂഷ്യല്‍ പണ്ടത്തെ പോലെ ഇടിയും എന്നുള്ളതാണ്. സാമ്പത്തിക മേഖലയിലെ സ്ഥിതിയും അങ്ങനെ തന്നെയായിരിക്കും.
രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനതിനുള്ള പദ്ധതികള്‍ ഉണ്ടാവില്ല, പകരം സാമ്പത്തിക വളർച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊള്ളും എന്നുള്ളതാണ് അവരുടെ അനുമാനം. അതോടൊപ്പം തന്നെ സമ്പന്നർക്ക് മേല്‍ പുതിയ നികുതികള്‍ ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ല, അവർക്ക് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമോയെന്നതും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.
സാധാരണ ജനങ്ങളുടെ കയ്യിലെ വരുമാനം വലിയ തോതില്‍ കുറഞ്ഞു എന്നതാണ് കൻസമ്പ്ഷൻ ഡിമാന്‍ഡ് വളരെ അധികം താഴ്ന്നിരിക്കുന്നു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കൻസമ്പ്ഷൻ വർധിപ്പിക്കുന്നതിനുള്ള ഉപകരണമായിട്ട് ബജറ്റിനെ കാണാന്‍ പാടില്ലെന്നാണ് അവരുടെ വാദം. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള, തൊഴില്‍ ദാന പരിപാടികളോ, ജനപ്രിയ പ്രഖ്യാപനങ്ങളോ ബജറ്റില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർക്കുന്നു.
കേരളത്തിന്റെ ആവശ്യങ്ങള്‍
എയിംസ് എന്നത് കേരളത്തിന്റെ ദീർഘകാല ആവശ്യമാണ്. ഒരു പക്ഷെ ഇത്തവണത്തെ ബജറ്റില്‍ എംയിസ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കാം. കേരളം അത് പ്രതീക്ഷിക്കുന്നു. അതുപോലുള്ള ചില മിനുക്ക് പണികള്‍ അല്ലാതെ കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു അനുകൂല നിലപാടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കരുതുന്നില്ല. അതിന് മാറ്റം വേണം.
അടിസ്ഥാന പ്രശ്നങ്ങള്‍ എന്ന് പറഞ്ഞാല്‍ വാണിജ്യ വിളകളുടെ പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങള്‍, സംസ്ഥാനത്ത് വർധിച്ച് വരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍, അതിനായുള്ള നിക്ഷേപവും കേരളത്തിന് കിട്ടേണ്ടതുണ്ട്. കടമെടുക്കല്‍ പരിധി, തീരദേശത്തെ പുനരധിവാസം, കേരളത്തിലെ പൊതുമേഖല സ്ഥാപനം എന്നിവയിലെല്ലാം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ശ്രദ്ധ വേണ്ടതുണ്ടെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അത്തരം അനൂകൂലമായ നിലപാട് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications