ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം; ഇഡിക്ക് കനത്ത തിരിച്ചടി
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഹേമന്ത് സോറന് ജാമ്യം. ഭൂമി തട്ടിപ്പ് കേസില്‍ മാസങ്ങളായി ജയിലിലായിരുന്നു ഹേമന്ത് സോറന്‍. സാങ്കല്‍പ്പിക ഇടപാടുകളിലൂടെയും വ്യാജ രേഖകളിലൂടെയും നിരവധി കോടി രൂപ വിലമതിക്കുന്ന വന്‍തോതില്‍ ഭൂമി കൈക്കലാക്കുന്നതിന് രേഖകളില്‍ കൃത്രിമം കാണിച്ചു എന്ന് ആരാപിച്ചാണ് ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
റാഞ്ചിയില്‍ 8.86 ഏക്കര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നാണ് സോറനെതിരെയുള്ള ആരോപണം. കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് ജനുവരി 31 നാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രി ആകാതിരിക്കാന്‍ സോറന്‍ തന്റെ സ്ഥാനം രാജിവയ്ക്കുന്നതുവരെ അറസ്റ്റ് മെമ്മോ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു.

ഹൈക്കോടതിയാണ് സോറന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സോറന്‍, ഐഎഎസ് ഉദ്യോഗസ്ഥനും റാഞ്ചി മുന്‍ ഡെപ്യൂട്ടി കമ്മീഷണറുമായ ഛവി രഞ്ജന്‍, ഭാനു പ്രതാപ് പ്രസാദ് എന്നിവരടക്കം 25-ലധികം പേരെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. 2023-ല്‍ ബദ്ഗെയ്ന്‍ ഏരിയയിലെ ലാന്‍ഡ് റവന്യൂ ഇന്‍സ്പെക്ടറായിരുന്ന ഭാനു പ്രതാപ് പ്രസാദ് എന്നയാളുടെ അറസ്റ്റാണ് കേസിന്റെ ഉത്ഭവം.
ഭാനു പ്രതാപ് പ്രസാദില്‍ നിന്ന് നിരവധി യഥാര്‍ത്ഥ ഭൂരേഖകള്‍ കണ്ടെടുത്തിരുന്നു. സോറന്‍ അനധികൃതമായി കൈവശം വെച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 8.36 ഏക്കര്‍ ഭൂമിയുടെ ചിത്രവും അദ്ദേഹത്തിന്റെ ഫോണിലുണ്ടായിരുന്നു. ജാര്‍ഖണ്ഡിലെ അനധികൃത ഖനനം, 2009-ലെ എംജിഎന്‍ആര്‍ഇജിഎ അഴിമതി, റാഞ്ചിയിലെ ആര്‍മി പ്ലോട്ട് അനധികൃതമായി വില്‍ക്കുകയും വാങ്ങുകയും ചെയ്തതുള്‍പ്പെടെയുള്ള വിവിധ കേസുകള്‍ ഇഡി അന്വേഷിച്ചിരുന്നു.
ആര്‍മി ഭൂമി അന്വേഷണത്തിനിടെയാണ് അന്നത്തെ ബാര്‍ഗെയ്ന്‍ സര്‍ക്കിള്‍ ഓഫീസിലെ റവന്യൂ സബ് ഇന്‍സ്പെക്ടര്‍ ഭാനു പ്രതാപ് പ്രസാദിന്റെ പേര് ഉയര്‍ന്നത്. പിന്നാലെ പ്രസാദും സോറനുമായും ബന്ധമുണ്ട് എന്നും ഇഡി അവകാശപ്പെട്ടു. ബലപ്രയോഗത്തിലൂടെയും സര്‍ക്കാര്‍ രേഖകളില്‍ കൃത്രിമം കാണിച്ചും അനധികൃതമായി സ്വത്ത് സമ്പാദിച്ചത് പ്രസാദ് ഉള്‍പ്പെട്ട ഒരു സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്ന് ഇഡി പറയുന്നു.
ഭൂമിയുടെ രേഖകള്‍ (പ്രത്യേകിച്ച് ഉടമസ്ഥാവകാശ വിശദാംശങ്ങള്‍) വ്യാജമാക്കിയ നിരവധി ഒറിജിനല്‍ രജിസ്റ്ററുകളുടെ സംരക്ഷകനായിരുന്നു പ്രസാദ്. സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഭാനു പ്രതാപ് 'ഗൂഢാലോചന നടത്തിയ' ആളുകളില്‍ സോറനും ഉള്‍പ്പെടുന്നു. ഭാനു പ്രതാപിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അനധികൃതമായി സമ്പാദിച്ച / കൈവശം വച്ച സ്വത്തുക്കളുടെ വിശദാംശങ്ങള്‍ കണ്ടെത്തിയതായി ഏജന്‍സി ആരോപിച്ചു.
അതേസമയം തനിക്കെതിരായ ആരോപണം വ്യാജമാണ് എന്നാണ് ഹേമന്ത് സോറന്റെ അവകാശവാദം. പ്രസ്തു പ്ലോട്ട് യഥാര്‍ത്ഥത്തില്‍ 'ഭുഇന്‍ഹാരി' ഭൂമിയാണെന്നും ഛോട്ടാനാഗ്പൂര്‍ ടെനന്‍സി ആക്ട് പ്രകാരം ഇത് ആര്‍ക്കും കൈമാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications