അമിത് ഷായെ കണ്ടു, ചമ്പായി സോറന്‍ ബിജെപിയിലേക്ക്; ഉറപ്പിച്ച് ഹിമന്ത
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചമ്പായി സോറന്‍ വെള്ളിയാഴ്ച ബി ജെ പിയില്‍ ചേരും. അസം മുഖ്യമന്ത്രിയും ബിജെപിയുടെ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് കോ-ഇന്‍ചാര്‍ജുമായ ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം തന്റെ എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. തിങ്കളാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചമ്പായി സോറന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന്റെ ചിത്രം പങ്ക് വെച്ചുകൊണ്ടാണ് ഹിമന്ത ബിശ്വ ശര്‍മ്മ വിവരം പങ്കുവെച്ചത്. ചമ്പായി സോറന്‍ ബിജെപിയില്‍ ചേരണമെന്നും ഞങ്ങളെ ശക്തിപ്പെടുത്തണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് യോഗത്തിന് മുന്‍പ് ഹിമന്ത പറഞ്ഞിരുന്നു. 'അദ്ദേഹം ഒരു മുതിര്‍ന്ന നേതാവാണ്, ഞാന്‍ അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് നല്ലതല്ല. ഡല്‍ഹിയിലാണെങ്കില്‍ തീര്‍ച്ചയായും സംസാരിക്കാന്‍ ശ്രമിക്കും.

ഞാന്‍ അദ്ദേഹവുമായി നേരിട്ടും അല്ലാതെയും പലതവണ സംസാരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല,' അസം മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 18 ന് ഏതാനും എംഎല്‍എമാര്‍ക്കൊപ്പം ഡല്‍ഹി സന്ദര്‍ശിച്ച ചമ്പായി സോറന്‍ പാര്‍ട്ടി മാറുമെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, പുതിയ പാര്‍ട്ടി രൂപീകരിക്കുക, മറ്റൊരു പാര്‍ട്ടിയില്‍ ചേരുക എന്നിങ്ങനെ മൂന്ന് വഴികളാണ് തന്റെ മുന്നിലുള്ളതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് ഓഗസ്റ്റ് 21 ന് അദ്ദേഹം പിന്നീട് പറഞ്ഞു. ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതോടെയാണ് ചമ്പായി സോറന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ഇതില്‍ അദ്ദേഹം കടുത്ത അതൃപ്തനായിരുന്നു. കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ജെഎംഎമ്മില്‍ പല അവസരങ്ങളിലും താന്‍ അപമാനിക്കപ്പെട്ടു എന്ന് ചമ്പായി സോറന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ചമ്പായി ന്യൂഡല്‍ഹിയില്‍ പോയിരുന്നുവെങ്കിലും ബിജെപി നേതാക്കളെ കണ്ടിരുന്നില്ല. ജാര്‍ഖണ്ഡില്‍ തിരിച്ചെത്തിയത് മുതല്‍ അദ്ദേഹം കോല്‍ഹാന്‍ മേഖലയില്‍ തന്റെ അനുയായികളെ കാണുന്ന തിരക്കിലാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചമ്പായി സോറനെ മുഖ്യമന്ത്രിയാക്കിയത്.
എന്നാല്‍ ഹേമന്ത് സോറന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജൂലൈ 3 ന് ചമ്പായി സോറന്‍ സ്ഥാനമൊഴിയുകയായിരുന്നു. ജാര്‍ഖണ്ഡിന്റെ കടുവ എന്ന വിശേഷണമുള്ള ചമ്പായി സോറന്‍ ജെഎംഎമ്മിലെ കരുത്തനായ മൂന്നാമനാണ്. 1990-കളില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നീണ്ട പോരാട്ടത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് 'ജാര്‍ഖണ്ഡിന്റെ കടുവ' എന്ന ബഹുമതി ലഭിച്ചത്.
2000-ല്‍ ബീഹാറിന്റെ തെക്കന്‍ ഭാഗത്ത് നിന്നാണ് ജാര്‍ഖണ്ഡ് രൂപീകരിച്ചത്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് മെട്രിക്കുലേറ്റ് നേടിയ അദ്ദേഹം 1991 ല്‍ അവിഭക്ത ബീഹാറിലെ സറൈകേല സീറ്റില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ സ്വതന്ത്ര എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
2010 സെപ്തംബര്‍ മുതല്‍ 2013 ജനുവരി വരെ അര്‍ജുന്‍ മുണ്ടയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു. 2019ല്‍ ഹേമന്ത് സോറന്‍ സംസ്ഥാനത്ത് തന്റെ രണ്ടാമത്തെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ചമ്പായി സോറന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഗതാഗത മന്ത്രിയായി.












Click it and Unblock the Notifications