രാജിക്ക് പിന്നാലെ സർക്കാരിന് വഴങ്ങാതെ യെഡ്ഡി: ക്യാബിനറ്റ് സൗകര്യങ്ങൾ നിരസിച്ചു, സർക്കാരിന് കത്തയച്ചു
ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സർക്കാർ നൽകിയ സൌകര്യങ്ങൾ നിരസിച്ച് മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് സർക്കാർ നൽകിയിട്ടുള്ള ക്യാബിനറ്റ് പദവിക്ക് തുല്യമായ സൌകര്യങ്ങൾ യെഡിയൂരപ്പ നിരസിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

തനിക്ക് നൽകിയ ക്യാബിനറ്റ് പദവികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മുൻ കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് യെഡിയൂരപ്പയ്ക്ക് ക്യാബിനറ്റ് സൌകര്യങ്ങൾ നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ തനിക്കുള്ള ക്യാബിനറ്റ് സൌകര്യങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പാർട്ടിയിലെ മുതിർന്ന നേതാവായ യെഡിയൂരപ്പ കത്തയച്ചിട്ടുള്ളത്. കർണാടക സർക്കാരിന്റെ പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസാണ് ഉത്തരവ് തയ്യാറാക്കിയത്.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷവും തനിക്ക് കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ നൽകിക്കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നാണ് ബിഎസ് യെദ്യൂരപ്പ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ ആവശ്യവുമായി ഒരു കത്തും അയച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാർക്ക് തുല്യമായി ബിഎസ് യെഡിയൂരപ്പയ്ക്ക് സർക്കാർ സൗകര്യങ്ങൾ ലഭിക്കുന്നത് തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധികാരത്തിലിരിക്കുന്നതുവരെ, അതേ ശമ്പളം, സർക്കാർ വാഹനം, ഔദ്യോഗിക താമസ സൌകര്യം തുടങ്ങിയ കാബിനറ്റ് റാങ്ക് സൗകര്യങ്ങളുടെ ഗുണഭോക്താവായി യെഡിയൂരപ്പ തുടരുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ, ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കത്തയച്ചു. ഒരു മുൻ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമേ താൻ ഉപയോഗിക്കൂ എന്നും യെഡിയൂരപ്പ പറഞ്ഞു.

നിലവിൽ, ശിക്കാരിപുര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ എന്നതിലുപരി ഒരു ഔദ്യോഗിക പദവിയും യെഡിയൂരപ്പ വഹിക്കുന്നില്ല. മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം, ജൂലൈ 26ന് ബിജെപി സർക്കാർ സംസ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. പകരം ബിജെപി നേതാവും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ ബസവരാജ് ബൊമ്മെ തൽസ്ഥാനത്തേക്ക് എത്തുകയും ചെയ്തിരുന്നു.

ജൂലൈ 28 നാണ് യെദിയൂരപ്പയുടെ പിൻഗാമിയായി ബസവരാജ് ബൊമ്മൈ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. യെദിയൂരപ്പയെപ്പോലെ, കർണ്ണാടകയിലെ ശക്തരായ ലിംഗായത്ത് സമുദായത്തിൽ പെട്ടയാളാണ് ബസവരാജ് ബൊമ്മൈയെന്നതാണ് ബിജെപിയെ സംബന്ധിച്ച് അനുകൂലഘടകം. 2023ലെ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വരെയും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു കർണ്ണാടകത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കാര്യമായ പദവികൾ ഒന്നും വഹിക്കാത്ത ഒരു മുൻ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് പദവിയ്ക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നത്. മുഖ്യമന്ത്രിയുടെ നിയുക്ത വസതിയായ കാവേരി ബംഗ്ലാവ് യെദ്യൂരപ്പ തന്റെ ഔദ്യോഗിക വസതിയായി നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് പ്രധാനമായും പദവി നൽകിയതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ മറ്റ് ആനുകൂല്യങ്ങളും മറ്റ് അലവൻസുകളും കൂടാതെ ഒരു ഔദ്യോഗിക വാഹനവും അദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.

കർണ്ണാടകത്തിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചെങ്കിലും യെഡിയൂരപ്പയുടെ മകന് മന്ത്രിസഭയിൽ ഇടംനേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒറ്റ ഉപമുഖ്യമന്ത്രിമാരെയും ഉൾപ്പെടുത്താതെയാണ് മന്ത്രിസംഭാ പുനസംഘടന പൂർത്തിയാക്കിയിട്ടുള്ളത്. ഇതോടെ ബി വിജയേന്ദ്രയ്ക്ക് ബൊമ്മെ മന്ത്രിസഭയിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. അതേ സമയം നിർണ്ണായക വകുപ്പുമായി അദ്ദേഹം മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതും പ്രാവർത്തികമായിരുന്നില്ല. സർക്കാർ സുഗമമായ രീതിയിൽ മുന്നോട്ടുപോകുന്നതിന് വേണ്ടി യെഡിയൂരപ്പയുടെ മകന് ഒരു ക്യാബിനറ്റ് പദവി നൽകാൻ ബൊമ്മെ ശ്രമിച്ചിരുന്നുവെന്നാണ് സൂചനകൾ.

നേരത്തെ കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അരവിന്ദ് ബെല്ലാഡ്, സിപി യോഗീശ്വർ, ബിആർ പാട്ടീൽ യത്‌നാൽ എന്നിവർക്ക് ക്യാബിനറ്റ് ബെർത്ത് നിഷേധിച്ചത് മാത്രമാണ് യെഡിയൂരപ്പയെ സംബന്ധിച്ച് ആശ്വാസകരമായ വസ്തുത. ബെല്ലാഡിനെ കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നിരുന്നു.

കർണ്ണാടക മുഖ്യമന്ത്രിയുടെ ബംഗ്ലാവിൽ നിന്ന് ഉടൻ തന്നെ പുറത്തുപോകുമെന്നാണ് യെഡിയൂരപ്പയുടെ നീക്കങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രി പദവി രാജിവെച്ച ശേഷം മൂന്ന് മാസം വരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കഴിയാം. അതിന് ശേഷം താമസിക്കുന്നതിന് പ്രതിമാസം വാടക നൽകേണ്ടതായി വരും. ഈ ഇളവും കുറച്ച് മാസങ്ങളോടെ അവസാനിക്കുകയും ചെയ്യുമെന്നാണ് നിലവിലെ ചട്ടം. തുടർന്ന് ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു നൽകേണ്ടതായി വരികയും ചെയ്യും.

നേരത്തെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ 2018ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഔദ്യോഗിക വസതി കെജെ ജോർജിന് അനുവദിച്ച് നൽകുന്നത് വരെയും കാവേരി ബംഗ്ലാവിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. നിലവിൽ കാവേരി ബംഗ്ലാവ് സർക്കാർ മുഖ്യമന്ത്രിയായി അധികാരമേറ്റ ബസവരാജ് ബൊമ്മെയ്ക്ക് അനുവദിച്ച് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ യെഡിയൂരപ്പയെ ഇവിടെ തന്നെ താമസിക്കാൻ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മുഖ്യമന്ത്രിക്ക് ലഭിക്കുന്നത് ലഭിക്കുന്നതിന് സമാനമായ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പോലീസ് അകമ്പടിയും യെഡ്ഡിയ്ക്ക് ലഭിച്ചേക്കും.

ശമ്പളത്തിന് പുറമേ ഒരു ലക്ഷം വീട്ടുവാടക, ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം രൂപ, പുതിയ വാഹനം വാങ്ങുന്നതിനുള്ള 21 ലക്ഷം, പ്രതിപക്ഷം 1000 ലിറ്റർ ഇന്ധനം, വീട്ടിലും ഓഫീസിലും സൌജന്യ ഫോൺ കണക്ഷൻ, മറ്റ് അലവൻസുകൾ എന്നിവയാണ് സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രിമാർക്ക് ലഭിക്കുന്നത്. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെ ഇതെല്ലാം യെഡിയൂരപ്പയ്ക്ക് ലഭിക്കും. എന്നാൽ ഇതൊന്നും തനിക്ക് വേണ്ടെന്നാണ് യെഡിയൂരപ്പ പ്രഖ്യാപിച്ചിട്ടുള്ളത്.

സഖ്യസര്‍ക്കാരിനെ വീഴ്ത്തി കൂറുമാറിയെത്തിയവരില്‍ നാല് പേരെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിക്കൊണ്ട് 29 മന്ത്രിമാരുമായാണ് ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും കൂറുമാറി ബിജെപിയിലെത്തിയവര്‍ക്ക് യെഡിയൂരപ്പ അമിതപരിഗണന നല്‍കുന്നുവെന്നായിരുന്നു നേരത്തെ സംസ്ഥാന നേതൃത്വം ഉന്നയിച്ച പരാതി. നിയമസഭാ പുനസംഘടനയിൽ നിന്ന് വിജയേന്ദ്രയെ മാറ്റി നിർത്തിയതോടെ രണ്ട് വര്‍ഷത്തിനകം എത്തുന്ന തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിജയേന്ദ്രയെ അനുനയിപ്പിക്കുകയാകും പാര്‍ട്ടിക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
കിടിലൻ ഹെയർസ്റ്റൈലിൽ രഞ്ജിനി ഹരിദാസ്; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications