മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹ റാവുവിനും ചരണ്‍ സിംഗിനും ഭാരത രത്‌ന, പട്ടികയില്‍ എംഎസ് സ്വാമിനാഥനും
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചരണ്‍ സിംഗ് എന്നിവര്‍ക്ക് ഭാരത് രത്‌ന പുരസ്‌കാരം. പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥനും ഭാരത് രത്‌ന പട്ടികയിലുണ്ട്. നരസിംഹറാവു കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നരസിംഹ റാവുവിനെ അവഗണിച്ചു എന്ന് നിരന്തരം ബിജെപി ഉന്നയിക്കാറുമുണ്ട്. റാവുവിനും ചരണ്‍ സിംഗിനും, സ്വാമിനാഥനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം നല്‍കുന്നത്.

നരസിംഹ റാവുവിന് ഭാരത രത്‌ന നല്‍കിയ ആദരിക്കാന്‍ പോകുന്ന കാര്യം പ്രഖ്യാപിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. പണ്ഡിതനും, മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ഇന്ത്യയെ മികച്ച രീതിയില്‍ സേവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളും ആര്‍ക്കും വിസ്മരിക്കാനാവില്ല.
ഇന്ത്യയെ സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും നേതൃത്വവും ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സമൃദ്ധിക്കും വളര്‍ച്ചയ്ക്കും മികച്ച അടിത്തറ പാകിയത് റാവുവാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം ചരണ്‍ സിംഗിന് ഭാരത രത്‌ന നല്‍കുന്ന കാര്യം പ്രഖ്യാപിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. രാജ്യത്തിന് അദ്ദേഹം നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ക്കുള്ളതാണ് ഈ പുരസ്‌കാരം. കര്‍ഷരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായും, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായും, എന്തിനേറെ ഒരു എംഎല്‍എ ആയിരുന്നപ്പോഴും രാഷ്ട്ര നിര്‍മാണത്തിനാണ് അദ്ദേഹം സംഭാവന നല്‍കിയിരുന്നത്.
അടിയന്തരാവസ്ഥയ്‌ക്കെതിരെ നിലപാട് എടുത്ത നേതാവായിരുന്നു അദ്ദേഹം. കര്‍ഷക സഹോദരങ്ങളോടും സഹോദരിമാരോടും അടിയന്തരാവസ്ഥകാലത്ത് അദ്ദേഹത്തിനുള്ള ആത്മസമര്‍പ്പണം ഈ രാജ്യത്തിന് തന്നെ പ്രചോദകമാണെന്നും മോദി മറ്റൊരു പോസ്റ്റില്‍ കുറിച്ചു.
അതേസമയം എംഎസ് സ്വാമിനാഥനെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തില്‍ ഒരുപാട് ആനന്ദമുണ്ട്. രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകരുടെ ക്ഷേമത്തിനും ധാരാളം സംഭാവനകള്‍ സ്വാമിനാഥന്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നമ്മുടെ നേടുന്നതിന് അദ്ദേഹത്തിന്റെ സഹായങ്ങള്‍ വലുതായിരുന്നു. അതും വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു അത്.
ഇന്ത്യന്‍ കാര്‍ഷിക മേഖലയെ അദ്ദേഹം ആധുനികവത്കരിച്ചു. പുതിയ കാര്യങ്ങള്‍ കണ്ടെത്തുകയും, അതുപോലെ ഉപദേശകനായും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നിരവധി വിദ്യാര്‍ത്ഥികളെയാണ് പഠനത്തിനായി അദ്ദേഹം പ്രചോദിപ്പിച്ചത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ മാറ്റിയെടുത്തത് മാത്രമല്ല, നമ്മുടെ ഭക്ഷ്യ സുരക്ഷയെയും സമൃദ്ധിയെയും പരിപോഷിപ്പിച്ചതും സ്വാമിനാഥനാണ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ എപ്പോഴും താന്‍ സ്വീകരിച്ചിരുന്നതായും മോദി പറഞ്ഞു.












Click it and Unblock the Notifications