കാർ ഇടിക്കുമ്പോൾ അഞ്ജലി തനിച്ചായിരുന്നില്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിപ്പോയെന്ന് പോലീസ്
ദില്ലി: വാഹനം ഇടിച്ച് കൊല്ലപ്പെട്ട യുവതിയെ കാര്‍ ഏറെ ദൂരം വലിച്ച് കൊണ്ട് കൊണ്ട് പോയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ദില്ലി സ്വദേശിനിയായ അഞ്ജലി സിംഗ് ആണ് പുതുവത്സര ദിനത്തില്‍ അതിരാവിലെ കൊല്ലപ്പെട്ടത്. അഞ്ജലിയുടെ സ്‌കൂട്ടറില്‍ ഇടിച്ച് വീഴ്ത്തിയ വാഹനം 13 കിലോമീറ്ററാണ് യുവതിയെ വലിച്ച് കൊണ്ട് പോയത്. അപകടം നടക്കുമ്പോള്‍ അഞ്ജലി തനിച്ചായിരുന്നില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. അഞ്ജലിയുടെ സുഹൃത്തായ നിധിയും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു.
അപകടം നടന്നപ്പോള്‍ ഭയന്ന് പോയ നിധി പേടിച്ച് ആ സ്ഥലത്ത് നിന്നും ഓടിപ്പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അഞ്ജലി അന്ന് സഞ്ചരിച്ച വഴികളില്‍ നടത്തിയ അന്വേഷണത്തിലാണ് നിധി ഒപ്പമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയത്. ഒരു മാരുതി ബലേനോ കാര്‍ ആണ് അഞ്ജലിയെ ഇടിച്ച് വീഴ്ത്തിയ ശേഷം വലിച്ച് കൊണ്ടുപോയത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അഞ്ജലിയും നിധിയും ഒരു ഹോട്ടലിലെ ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.

പാര്‍ട്ടി കഴിഞ്ഞ് അഞ്ജലിയും നിധിയും ഹോട്ടല്‍ വിട്ടിറങ്ങി സ്‌കൂട്ടറില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹോട്ടലില്‍ നടത്തിയ അന്വേഷണത്തില്‍ രജിസ്റ്ററില്‍ നിധിയുടെ പേര് കണ്ടെത്തുകയായിരുന്നു. നിധിയില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ അഞ്ജലി തെറിച്ച് കാറിന്റെ ചക്രത്തിന് അടിയില്‍ പെടുകയായിരുന്നുവെന്നും അഞ്ജലിയുടെ കാല്‍ വാഹനത്തിനടിയില്‍ കുടുങ്ങി വലിച്ച് കൊണ്ട് പോവുകയായിരുന്നുവെന്നും നിധി മൊഴി നല്‍കി.
വെസ്റ്റ് ദില്ലിയിലെ സുല്‍ത്താന്‍പുരിയില്‍ വെച്ചാണ് അപകടമുണ്ടായത്. കാറിന്റെ ഡ്രൈവറാണ് അപകടത്തിന് ഉത്തരവാദിയെന്ന് നിധി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അപകടത്തില്‍ തനിക്ക് പരിക്ക് പറ്റിയിട്ടില്ലെന്നും നിധി പോലീസിനോട് വ്യക്തമാക്കി. സംഭവത്തില്‍ അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടികള്‍ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1.45ന് ആണ് അഞ്ജലിയും നിധിയും ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞ് ഹോട്ടല്‍ വിട്ടത്. ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നിധി ആയിരുന്നു സ്‌കൂട്ടര്‍ ഓടിച്ച് കൊണ്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് തനിക്ക് ഓടിക്കണമെന്ന് അഞ്ജലി ആവശ്യപ്പെട്ടു. ഇത് പ്രകാരം അഞ്ജലി വാഹനം ഓടിക്കാന്‍ ആരംഭിച്ച് അല്‍പസമയത്തിനകമാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോള്‍ കാറിലുണ്ടായിരുന്ന അഞ്ച് പേരും മദ്യപിച്ചിരുന്നുവെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ പേടിച്ചിട്ടാണ് പെട്ടെന്ന് സ്ഥലം വിട്ടത് എന്നും അഞ്ജലി കാറിനടിയില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നുമാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications