നരേന്ദ്ര മോദിയുടെ നെയിം പ്ലേറ്റിലും ഭാരത്; വ്യക്തമായ സന്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യ മാറ്റി ഭാരതം എന്ന പേര് സ്വീകരിക്കണമെന്ന ചര്‍ച്ചകള്‍ക്കിടെ വ്യക്തമായ സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നരേന്ദ്ര മോദിക്ക് മുമ്പിലെ നെയിം പ്ലേറ്റില്‍ ഭാരതം എന്നാണ് എഴുതിയിരിക്കുന്നത്. അന്താരാഷ്ട്ര വേദിയില്‍ രാഷ്ട്രത്തിന്റെ പേരില്‍ ആദ്യമായിട്ടാണ് ഈ മാറ്റം. ഉച്ചകോടിയുമായി ബന്ധപ്പെട്ട എല്ലാ രേഖയിലും രാഷ്ട്രത്തിന്റെ പേര് ഭാരതം എന്നാണുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വ്യക്തമായ സന്ദേശമാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ജി20 രാജ്യങ്ങള്‍ക്ക് നല്‍കിയ ക്ഷണക്കത്തിലും ഭാരതം എന്നാണ് എഴുതിയിരുന്നത്. പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തിലെ വാക്കുകള്‍. സാധാരണ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നാണ് എഴുതാറുള്ളത്. ഇതേ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

രാജ്യത്തിന്റെ പേരില്‍ മാറ്റം വരുത്തുന്ന തീരുമാനം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. ഈ മാസം 18 മുതല്‍ അഞ്ച് ദിവസമാണ് പാര്‍ലമെന്റ് സമ്മേളനം. അസാധാരണമായ രീതിയില്‍ സമ്മേളനം വിളിച്ചു ചേര്‍ത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയം ബാക്കിയാണ്. എന്താണ് അജണ്ട എന്ന് ചോദിച്ച് സോണിയ ഗാന്ധി കേന്ദ്രത്തിന് കത്ത് നല്‍കിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല.
ഭാരതം എന്നാണ് പൂര്‍വികള്‍ രാജ്യത്തെ വിളിച്ചിരുന്നത് എന്ന് ബിജെപിയും അവരെ പിന്തുണയ്ക്കുന്നവരും വാദിക്കുന്നു. ഇന്ത്യ ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്താണ് പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നത്. ബിജെപിയുടെ ഒളി അജണ്ടയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, സിപിഎം നേതാവ് എംഎ ബേബി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കളും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നു. രാജ്യത്തിന്റെ ചരിത്രം തകര്‍ക്കാനും ഇന്ത്യയെ വിഭജിക്കാനുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ രാജ്യത്തിന്റെ പേര് ഭാരതം എന്നാണെന്ന് പറയുന്നുണ്ടെന്ന് ബിജെപി ഓര്‍മിപ്പിച്ചു. പ്രതിപക്ഷം ഭരണഘടനയ്ക്ക് എതിരായിട്ടാണ് സംസാരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഭാരതം എന്ന് ഉപയോഗിക്കാനുള്ള തീരുമാനം കൊളോണിയല്‍ മനസുള്ളവര്‍ക്കെതിരായ ശക്തമായ പ്രസ്താവനയാണ് എന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന് പേരിട്ടതാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നതെന്ന് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഹസിക്കുന്നു. അതേസമയം, ഇന്ത്യ പേര് മാറ്റി ഭാരതം എന്ന് സ്വീകരിച്ചാല്‍ പാകിസ്താന്‍ ഇന്ത്യ എന്ന പേരിന് അവകാശപ്പെടുമെന്ന് പാകിസ്താനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിഷയത്തില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടത്രെ.












Click it and Unblock the Notifications