പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാന്‍ അനുവാദം
ജിന്ദ്: പെണ്‍കുട്ടികളെ ജീന്‍സ് ധരിക്കാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും അനുവദിക്കാത്ത ഭീകരജീവികളായാണ് ഖാപ് പഞ്ചായത്തുകളെ പൊതുവെ കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തനായ ഒരു ഖാപ് പഞ്ചായത്ത് തലവനെ കാണൂ. പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാനും ഫോണ്‍ ഉപയോഗിക്കാനും എല്ലാ അവകാശവും ഉണ്ട് എന്നാണ് ഈ ഖാപ് തലവന്‍ പറയുന്നത്.
കന്ദേല ഖാപിന്റെ തലവനായ തെക്കാറാം കന്ദേലയാണ് വ്യത്യസ്തനായ ഈ ഖാപ് പഞ്ചായത്ത് തലവന്‍. ഹരിയാനയിലെ ജിന്ദിലാണ് ഇദ്ദേഹത്തിന്റെ സ്വദേശം. ജീന്‍സ് ഇടാനും ഫോണ്‍ ഉപയോഗിക്കാനും പെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ട്. ഇത് നിരോധിക്കാനുള്ള ഒരു നീക്കത്തെയും തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. എന്നാല്‍ ഏത് സമൂഹത്തിലാണോ ജീവിക്കുന്നത് അതിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം.

അവിവാഹിതരായ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് ഗുജ്ജാര്‍ ഖാപ് പഞ്ചായത്ത് വിലക്കിയ സാഹചര്യത്തിലാണ് തെക്കാറാം കന്ദേലയുടെ പ്രതികരണം. ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു എന്നും അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാനുളള പക്വതയില്ല എന്നും കാണിച്ചാണ് വിലക്ക്. മുസഫിര്‍നഗറിലെ ഗുജ്ജാര്‍ സമുദായത്തിന്റെ പഞ്ചായത്താണ് വിലക്ക് കൊണ്ടുവന്നത്.
എന്നാല്‍ ഇതിന്റെ നേര്‍ വിപരീതമായ അഭിപ്രായമാണ് തെക്കാറാം കന്ദേലയ്ക്കുള്ളത്. തങ്ങള്‍ ആരുടെയും വസ്ത്ര സ്വാതന്ത്ര്യത്തെ തടയില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും സ്ത്രീപീഡനങ്ങളും തടയാന്‍ വേണ്ടി വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് ആളുകളെ ബോധവാന്മാരാക്കണമെന്നും തെക്കാറാം കന്ദേല ആളുകളോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications