ബിജെപിക്ക് വന്‍ അടി: ഗോവയിലെ മന്ത്രിയും അനുയായികളും കോണ്‍ഗ്രസിലേക്ക്
പനാജി: കഴിഞ്ഞ തവണ അവസാന നിമിഷം കയ്യില്‍ നിന്നും വഴുതിപ്പോയ ഗോവ ഭരണം ഇത്തവണ എന്ത് വില കൊടുത്തും പിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിലെത്താന്‍ മൂന്ന് അംഗങ്ങളുടെ കുറവ് മാത്രമാണുണ്ടായിരുന്നത്. 13 സീറ്റുകള്‍ മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. എന്നാല്‍ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബി ജെ പി അധികാരത്തിലെത്തുകയായിരുന്നു.
ഭരണം പിടിച്ച ബി ജെ പി പിന്നീട് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പടെ നിരവധി അംഗങ്ങളെ കൂറുമാറ്റി തങ്ങളുടെ പാളയത്തിലെത്തിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേർന്നത്. സഖ്യകക്ഷികളേയും ബി ജെ പി പിളർത്തി. എന്നാല്‍ സംസ്ഥാനം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബിജെപിയില്‍ നിന്നും കൊഴിഞ്ഞ് പോക്ക് ശക്തമാവുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

നിയമസഭാംഗങ്ങള്‍ ഉള്‍പ്പടേയുള്ള ചില ബി ജെ പി നേതാക്കള്‍ ഉടന്‍ തന്നെ പാർട്ടിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത് ശരിവക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ദേശീയ മാധ്യമങ്ങളിലൂടെ വരുന്നത്. ഗോവ മന്ത്രിയും ഭാരതീയ ജനതാ പാർട്ടി നിയമസഭാംഗവുമായ മൈക്കൽ ലോബോ ഉടൻ തന്നെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
മലയാളത്തിന്റെ 'ബിഗ് എം' ല്‍ മഞ്ജു വാര്യറുമോ: താരങ്ങള്‍ക്കും ആരാധകർക്കുമൊപ്പം പ്രിയ നടി

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടി നേതൃത്വവുമായി അത്ര അടുത്ത ബന്ധമല്ല ലോബോ വെച്ച് പുലർത്തുന്നത്. തിരഞ്ഞെടുപ്പ് മുന്‍ നിർത്തി പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളിലടക്കം വലിയ വിമർശനമാണ് അദ്ദേഹം നടത്തുന്നത്. സംസ്ഥാനത്തിന്റെ മാലിന്യ സംസ്‌കരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് ലോബോ. പാർട്ടിക്കുള്ളില്‍ നിന്നും അദ്ദേഹത്തിനെതിരെ വിമർശനങ്ങള്‍ ഉയർന്ന് വന്നിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോബോ പാർട്ടി നേതൃത്വവുമായി ചർച്ചകൾ നടത്തി വരികയാണെന്നാണ് കോണ്‍ഗ്രസ് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിലേക്ക് വരുന്നതിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ട് വെച്ചതായി സൂചനയുണ്ട്. ഇക്കാര്യത്തില്‍ ഇരുപക്ഷവും ധാരണയിലെത്തിയാല്‍ ഉടന്‍ തന്നെ ലോബോയുടെ കോണ്‍ഗ്രസ് പ്രവേശനമുണ്ടാവും.

കലാൻഗുട്ട് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോബോയ്ക്ക്, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ ബാർഡെസ് താലൂക്കിലെ മറ്റ് സീറ്റുകളിലും സ്വാധീനമുണ്ട്. ഇതാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടു വരുന്നതില്‍ കോണ്‍ഗ്രസ് അനുകൂല ഘടകമായി കാണുന്നത്. "ലോബോയുടെ കോണ്‍ഗ്രസ് പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്. അത് എപ്പോള്‍ മാത്രമാണ് എന്നതാണ് ചോദ്യം, "-ഒരു കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച തന്റെ തീരുമാനം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്നാണ് ലോബോയും വ്യക്തമാക്കുന്നത്. അതേസമയം, ലോബോയുടെ ഭാര്യ ദെലീല ഏത് പാർട്ടിയുടെ ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറയാതെ തന്നെ സമീപ പ്രദേശമായ സിയോലിം മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അവരും അടുത്ത ദിവസങ്ങളിൽ പാർട്ടിയിൽ ചേരുമെന്നാണ് കോൺഗ്രസ് ഭാരവാഹികൾ അവകാശപ്പെടുന്നത്.

ലോബോയുടെ അടുത്ത അനുയായിയിരും സാലിഗാവോ നിയോജക മണ്ഡലത്തിൽ പെടുന്ന റെയിസ് മാഗോസ് ഗ്രാമത്തിലെ സർപഞ്ചായ കേദാർ നായിക് അടുത്തിടെ ബി ജെ പിയില്‍ നിന്നും രാജിവെച്ചിരുന്നു. "വിശ്വസ്തരായ പ്രവർത്തകരോടുള്ള പാർട്ടിയുടെ അവഗണന" ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ രാജി. വരും ദിവസങ്ങളിൽ അദ്ദേഹവും കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. താരക് അരോൽക്കർ ഉൾപ്പെടെ ലോബോയുടെ നിരവധി സഹായികൾ ഇതിനകം കോൺഗ്രസിൽ ചേരുകയും ചെയ്തിട്ടുണ്ട്.

2019 ൽ കോൺഗ്രസിൽ ചേരുകയും അതേ വർഷം തന്നെ മപുസ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്ത ലോബോ വിശ്വസ്തനായ സുധീർ കണ്ടോൽക്കറെ അതേ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോബോയെ ഇവിടെ സ്ഥാനാർത്ഥിയാക്കുമോയെന്ന കാര്യം സംശയമാണ്. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ കെട്ടിപ്പടുത്ത പാർട്ടിയല്ല ബി ജെ പിയെന്നും ഇപ്പോള്‍ ചില നേതാക്കള്‍ മാത്രം ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നതെന്നുമായിരുന്നു ലോബോ കഴിഞ്ഞ ദിവസം ആരോപിച്ചത്.

ആത്മാർത്ഥതയുള്ള പ്രവർത്തകർക്ക് ഇപ്പോള്‍ ബി ജെ പിയില്‍ യാതൊരു സ്ഥാനവുമില്ല. പാർട്ടിയില്‍ ഗ്രൂപ്പിസം ശക്തമാണ്. പരീക്കർ കെട്ടിപ്പടുത്ത പാർട്ടിയെ നശിപ്പിക്കുകയാണ്. അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിച്ചവരെ ഒരു മൂലയ്ക്ക് ഇരുത്തുന്നു. മനോഹർ പരീക്കറിന്റെ അഭ്യുദയകാംക്ഷികളെ ആഗ്രഹിക്കാത്ത ചില ഗ്രൂപ്പുകൾ പാർട്ടിക്കുള്ളിലുണ്ട്, പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പി വിടുമോ എന്ന ചോദ്യത്തിന്, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം പാർട്ടി നേതൃത്വത്തെ അറിയിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നാണ് തിങ്കളാഴ്ച ലോബോ പറഞ്ഞത്. അതേസമയം ,ലോബോ ഉന്നയിച്ച കാര്യങ്ങലെ കുറിച്ച് തനിക്കൊരു അറിവും ഇല്ലെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെ പറഞ്ഞത്, "ഇതിനെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. ഇന്നലെ വരെ ഞാൻ അദ്ദേഹത്തെ (ലോബോ) കണ്ടു, പാർട്ടിയുടെ പ്രവർത്തനത്തിലുള്ള നിരാശയെക്കുറിച്ച് അദ്ദേഹം എന്നോട് വ്യക്തിപരമായി സംസാരിച്ചില്ല''- തനവാഡെ വ്യക്തമാക്കി.












Click it and Unblock the Notifications