സ്വർണ്ണവുമായി സ്ത്രീകള്‍ ബാങ്കിലേക്ക് ഓടുന്നതിന് കാരണം മോദിയോ: എന്താണ് സംഭവിക്കുന്നത്? വിമർശനം
സ്വർണ്ണ വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന നാളുകളില്‍ രാജ്യത്തെ സ്വർണ്ണപ്പണയ വായ്പയില്‍ വന്‍ വർധനവാണ് രേഖപ്പെടുത്തിയത്. ഉയർന്ന വിലയുടെ ആനുകൂല്യം മുതലെടുക്കാന്‍ ആളുകള്‍ സ്വർണ്ണപ്പണയ വായ്പയിലേക്ക് തിരിയുകയായിരുന്നുവെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതേസമയം തന്നെയാണ് വിഷയത്തില്‍ മോദിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
സ്വർണ്ണ വായ്പകളുടെ വർദ്ധനവ് ചൂണ്ടിക്കാട്ടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 'മോദി നിർമ്മിത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു' എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിക്കുന്നത്. ഫെബ്രുവരിയിലെ ആർ ബി ഐ ഡാറ്റ ഉദ്ധരിച്ച് രാജ്യത്തെ സ്വർണ്ണ പണയ വായ്പകൾ 71.3% എന്ന റെക്കോർഡ് നിരക്കിലേക്ക് ഉയർന്നുവെന്നാണ് അദ്ദഹം ചൂണ്ടിക്കാട്ടുന്നത്.

'രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നരേന്ദ്ര മോദി നിർമ്മിത പ്രതിസന്ധിയിലാണ്. 2024 ആയപ്പോഴേക്കും, വ്യാപകവും സ്ഥിരവുമായി നിലനില്‍ക്കുന്ന സാമ്പത്തിക സ്തംഭനാവസ്ഥ വെറും 5 വർഷത്തിനുള്ളിൽ സ്വർണ്ണ വായ്പകളിൽ 300% വളർച്ചയ്ക്ക് കാരണമായത് ഓർക്കുക. രാജ്യത്തെ സ്വർണ്ണ വായ്പകൾ ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു' ജയറാം രമേശ് എക്‌സിൽ കുറിച്ചു.
ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മോശം വാർത്തകൾ ഇപ്പോഴും സ്ഥിരമായി വന്നുകൊണ്ടിരിക്കുകയാണ്. 2025 ഫെബ്രുവരിയിൽ സ്വർണ്ണ പണയ വായ്പകൾ വൻതോതിൽ (71.3%) വർദ്ധിച്ചതായി ആർ ബി ഐ പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നു. ഭവന വായ്പകൾ മുതൽ കാർ വായ്പകൾ വരെയുള്ള മറ്റെല്ലാ മേഖലകളിലും ബാങ്ക് വായ്പ മന്ദഗതിയിലായപ്പോൾ, സ്വർണ്ണപ്പണയ വായ്പകൾ പോലുള്ള ദുരിത വായ്പകൾ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് നൽകുന്ന എല്ലാ വായ്പകളും പരിശോധിക്കുകയാണെങ്കില്‍ ഇതില്‍ ഏകദേശം 40 ശതമാനവും സ്വർണപ്പണയ വായ്പകളാണ്. ആഭരണങ്ങൾ പണയം വെക്കാന്‍ നിർബന്ധിതരായ സ്ത്രീകളുടെ എണ്ണം വെറും അഞ്ച് വർഷത്തിനുള്ളിൽ 22% ത്തിലധികം വർദ്ധിച്ചുവെന്നും സിബിൽ-നിതി ആയോഗ് റിപ്പോർട്ട് കാണിക്കുന്നു. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ തങ്ങളുടെ കഴിവില്ലായ്മ നിരന്തരം വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണെന്നും ജയറാം രമേശ് ആരോപിക്കുന്നു.
നടപ്പ് സാമ്പത്തിക വർഷം (FY25) ഡിസംബർ വരെ ബാങ്കുകളുടെ സ്വർണ്ണ വായ്പാ വാർഷികാടിസ്ഥാനത്തിൽ 71.3 ശതമാനം ഉയർന്ന് 1.72 ട്രില്യൺ രൂപയായെന്ന മാധ്യമ റിപ്പോർട്ടും അദ്ദേഹം തന്റെ കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 17 ശതമാനം മാത്രമായിരുന്നു. സ്വർണ്ണത്തിന്റെ വിലയിലുണ്ടായ വർധനവും അൺസെക്യുേർഡ് വായ്പകളിലെ മാന്ദ്യവും സ്വണ്ണപ്പണയ വായ്പയെ സ്വാധീനിച്ച ഘടകങ്ങളാണ്.
നരേന്ദ്ര മോദി സർക്കാർ വലിയ കൊട്ടിഘോഷിച്ച് ആരംഭിച്ച സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി നോട്ട് നിരോധനവും 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭവും പോലെ ഒരു 'പൂർണ്ണ പരാജയം' ആണെന്നുമാണ് ജയറാം രമേശിന്റെ മറ്റൊരു ആരോപണം. വിലക്കയറ്റം, സ്വകാര്യ നിക്ഷേപം കുറയൽ, വേതന സ്തംഭനം തുടങ്ങിയ പ്രശ്നങ്ങൾ സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്. ഇത് മനസ്സിലാക്കാതെയാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications