വന്‍ സ്വർണ നിക്ഷേപം: ഒഡീഷയുടെ തലവര മാറും? ഒരിടത്ത് മാത്രമല്ല, വിവിധ ജില്ലകളില്‍; ഖനനം തുടങ്ങുന്നു
രാജ്യത്തിന്റെ സ്വർണ ഖനന മോഹങ്ങള്‍ക്ക് ശക്തി പകർന്ന് ഒഡീഷയിയില്‍ നിന്നും ഒരു വാർത്ത. സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളില്‍ സ്വർണ്ണ നിക്ഷേപം ഉണ്ടെന്ന് ഒഡീഷ ഖനി വകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെന കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചു. സുന്ദർഗഡ്, നബരംഗ്പൂർ, അംഗുൽ, കോരാപുട്ട് തുടങ്ങിയ മേഖലകളില്‍ വലിയ തോതില്‍ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
മേല്‍പ്പറഞ്ഞ ജില്ലകള്‍ക്ക് പുറമെ മാൽക്കൻഗിരി, സാംബൽപൂർ, ബൗധ് ജില്ലകളിലും സ്വർണ്ണ ഖനികളുടെ സാന്നിധ്യം പ്രാഥമിക സർവേയില്‍ വ്യക്തമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ മയൂർഭഞ്ച്, ജാഷിപൂർ, സുരിയഗുഡ, റുവാൻസി, ഇഡെൽകുച്ച, മരേദിഹി, സുലൈപത്, ബദാംപഹാദ് മേഖലകളിൽ വിപുലമായ തോതില്‍ പര്യവേക്ഷണം നടക്കുന്നതായി ബിഭൂതി ഭൂഷൺ ജെന പറഞ്ഞു.

നേരത്തെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി എസ് ഐ) ചെമ്പിനായി ജി-2 ലെവൽ പര്യവേക്ഷണം നടത്തിയിരുന്നപ്പോൾ, ദിയോഗഡ് ജില്ലയിലെ അദാസ-റാംപള്ളിയിലും സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിരുന്നു. കിയോഞ്ജർ ജില്ലയിലെ ഗോപൂർ-ഗാസിപൂർ, മങ്കാഡ്ചുവാൻ, സലീക്കാന, ദിമിരിമുണ്ട പ്രദേശങ്ങളിൽ സ്വർണ്ണ പര്യവേക്ഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഒഡീഷയുടെ ഖനന സാധ്യതയും സമ്പദ്‌വ്യവസ്ഥയും ഉയർത്താൻ സാധ്യതയുള്ള ഈ കണ്ടെത്തലുകൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഒഡീഷയിലെ ദിയോഗഡിലെ ആദ്യത്തെ സ്വർണ്ണ ഖനന ബ്ലോക്ക് ലേലം ചെയ്യാനുള്ള ഒരുക്കത്തില്‍ സർക്കാർ. ജി എസ് ഐയും ഒഡീഷ മൈനിംഗ് കോർപ്പറേഷനും കിയോഞ്ജറിലെ മങ്കഡാച്ചുവ, സലീക്കാന, ദിമിരിമുണ്ട എന്നിവിടങ്ങളിൽ സ്വർണ്ണ സാധ്യതകൾക്കായി ഒരേസമയം അന്വേഷണം നടത്തി വരുന്നുമുണ്ട്. സാങ്കേതിക സമിതികൾ അന്തിമ പര്യവേക്ഷണ റിപ്പോർട്ടുകൾ വിലയിരുത്തിയതിന് ശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് നീങ്ങുക.
മയൂർഭഞ്ചിലെ ജാഷിപൂർ, സുരിയഗുഡ, ബദാംപഹാദ് മേഖലകളിൽ പ്രാഥമിക സർവേകളാണ് ഇപ്പോള്‍ നടക്കുന്നത്. ദിയോഗഡിലെ ജലദിഹി പ്രദേശത്ത് ജിഎസ്ഐ ചെമ്പ്-സ്വർണ്ണ പര്യവേക്ഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ഇവിടെ നിന്നും വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ. കിയോഞ്ജറിലെ ഗോപൂർ-ഗാജിപൂർ നിക്ഷേപങ്ങളുടെ അളവ് വിലയിരുത്താനുള്ള നടപടി ആരംഭിച്ചെങ്കിലും ഉടന്‍ തന്നെ ഖനനത്തിനായി വിട്ടുകൊടുക്കാന്‍ സാധ്യതയില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചന നല്‍കുന്ന വാക്കുകളാണ് ഓഡീഷ മന്ത്രിയുടേത്. വേള്‍ഡ് ഗോള്‍ഡ് കൗൺസിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ 2191.53 മെട്രിക് ടൺ സ്വർണ്ണ അയിര് വിഭവങ്ങൾ ഉണ്ട്. എന്നിരുന്നാലും, ഈ വിഭവങ്ങളുടെ ഒരു ഭാഗം മാത്രമേ ഖനനം ചെയ്തിട്ടുള്ളു. കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ സ്വർണ ഉല്‍പാദനത്തിന്റെ 80 ശതമാനത്തോളവും കർണാടകയില്‍ നിന്നാണ്.
കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹട്ടി ഖനിയാണ് നിലവില്‍ രാജ്യത്ത് പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനി. ഹട്ടി ഗോൾഡ് മൈൻസ് കമ്പനിക്ക് കീഴിലായി ഹട്ടി, ഉട്ടി എന്നീ പേരുകളില്‍ രണ്ട് ഖനികളാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏകദേശം 1.8 ടൺ സ്വർണ്ണം ഈ ഖനിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. ഖനിക്ക് 2,000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്. പ്രതിദിനം 3,000 ടൺ അയിര് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സംസ്കരണ പ്ലാന്റും കമ്പനിക്കുണ്ട്. ഉത്തർപ്രദേശിലെ സോൻഭദ്രയിലും പുതിയ സ്വർണ്ണ ഖനി കണ്ടെത്തിയിട്ടുണ്ട്. 2020 ലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ഇവിടെ വലിയ സ്വർണ്ണ ശേഖരമുണ്ടെന്ന് മനസ്സിലാക്കിയത്.












Click it and Unblock the Notifications